കടൽക്ഷോഭവും ട്രോളിംഗ് നിരോധനവും തീരദേശവാസികൾ ദുരിതത്തിൽ....

Friday 29 July 2022 4:26 AM IST

കടയ്ക്കാവൂർ: കാലവർഷമെത്തിയതോടെ അടിക്കടിയുണ്ടാകുന്ന കടലാക്രമണ ഭീഷണിയും ട്രോളിംഗ് നിരോധനവും ഇന്ധനവില വർദ്ധനയും തീരദേശവാസികളുടെ ജീവിതം ദുരിതപൂർണമാക്കി. കടൽക്ഷോഭത്തെ തുടർന്ന് പൂർണമായും ഭാഗികമായും തകർന്ന വീടുകൾ നിരവധിയാണ്. തകർന്ന വീടുകളിൽ താമസമാക്കിയിരുന്നവർ ഇതിനോടകംതന്നെ ബന്ധുവീടുകളിലേക്കും മറ്റും മാറിക്കഴിഞ്ഞു. ജീവൻ പണയം വച്ച് സ്വരൂക്കൂട്ടി തങ്ങൾ കെട്ടിപ്പടുത്തുയർത്തിയ വീടുകളെല്ലാം കൂറ്റൻ തിരമാലകളാൽ കടലിലേക്ക് ഒലിച്ചുപോകുമ്പോൾ നിസഹായരായി നോക്കിനിൽക്കാനേ ഇവർക്ക് സാധിക്കുന്നുള്ളൂ. മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമ്മാണം മൂലം ഇവിടെ ജീവൻ പൊലിഞ്ഞ മത്സ്യത്തൊഴിലാളികളും, ബോട്ടപകടത്തിൽ പരിക്ക് പറ്റി ജീവിതം കിടക്കപ്പായയിൽ ഒതുങ്ങിയവരും നിരവധിയാണ്.

അപകടങ്ങൾ ഇല്ലാതാക്കുന്നതിനുള്ള യാതൊരു നടപടികളും ഇപ്പോഴും ഉണ്ടായിട്ടില്ല. കടലാക്രമണത്തെ തുടർന്ന് കരയിൽ സൂക്ഷിച്ചിരുന്ന മത്സ്യബന്ധന യാനങ്ങൾ കടലിൽ ഒലിച്ചുപോകുന്നത് തടയാനായി റോഡിനിരുവശങ്ങളിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. തീരദേശ കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് പുനരധിവസിപ്പിക്കാനായി നടപ്പിലാക്കുന്ന പദ്ധതിയിൽ ക്രമക്കേടെന്ന ആക്ഷേപവും ഉയരുന്നു. ഇത്തരത്തിൽ പത്തോളം കുടുംബങ്ങൾ പരാതിയുമായി രംഗത്തു വന്നിട്ടുണ്ട്. ട്രോളിംഗ് കഴിഞ്ഞ് ഒരു ചാകരയ്ക്ക് തയ്യാറെടുപ്പുമായി പൊട്ടിയ വലകൾ തുന്നിച്ചേർക്കുന്ന പണിയിലാണ് മത്സ്യത്തൊഴിലാളികൾ. അപ്പോൾ പോലും വർദ്ധിപ്പിച്ച ഇന്ധനവിലയും, മണ്ണെണ്ണയുടെ ലഭ്യതക്കുറവും മത്സ്യത്തൊഴിലാളികളുടെ ജീവിത മാർഗം പ്രതിസന്ധിയിലാക്കുന്നു.

Advertisement
Advertisement