'രാഷ്ട്രപത്നി' പരാമർശം, ലോക്സഭയിൽ നാടകീയ രംഗങ്ങൾ, സ​ഭ​യി​ലെ​ ​ക​ലി​പ്പു​ ​തീ​രാ​തെ സ്‌​മൃ​തി​യും​ ​സോ​ണി​യ​യും

Friday 29 July 2022 12:00 AM IST


 ബി.ജെ.പി എം.പിമാരുടെ അടുത്തേക്കെത്തി സോണിയ

ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരി, രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കഴിഞ്ഞദിവസം 'രാഷ്ട്രപത്നി' എന്നു വിളിച്ചതിനെച്ചൊല്ലി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തമ്മിലുണ്ടായ രൂക്ഷമായ വാക്പോര് ലോക്സഭയിൽ നാടകീയ രംഗങ്ങൾക്കിടയാക്കി.

അധീറിന്റെ പരാമർശത്തിൽ പ്രതിഷേധിക്കുന്നതിനിടെ സ്മൃതി ഇറാനി, സോണിയ മാപ്പുപറയണമെന്ന് ആവർത്തിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം. 'സോണിയാജീ നിങ്ങൾ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലുള്ള സ്ത്രീയെ അപമാനിക്കാൻ അനുവദിച്ചു, മാപ്പു പറയൂ' എന്ന് സ്മൃതി പറഞ്ഞതോടെ ഇതേറ്റുപിടിച്ച് ബി.ജെ.പി എം.പിമാർ ബഹളമുണ്ടാക്കി.

ഭരണ, പ്രതിപക്ഷാംഗങ്ങളുടെ ബഹളംമൂലം ഉച്ചയ്ക്ക് 12ന് സഭ പിരിഞ്ഞയുടൻ പുറത്തേക്ക് നടന്ന സോണിയയെ നോക്കി ബി.ജെ.പി എം.പിമാർ മുദ്രാവാക്യം മുഴക്കി. അതോടെ എല്ലാവരേയും അതിശയിപ്പിച്ചുകൊണ്ട് സോണിയ ഭരണപക്ഷ ബഞ്ചിനടുത്തേക്ക് നീങ്ങി. 'അധീർ മാപ്പു പറഞ്ഞിട്ടുണ്ട്. പിന്നെന്തിനാണ് എന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്?' ബി.ജെ.പി എം.പി രമാദേവിയോട് സോണിയ ചോദിച്ചു. സമീപത്തുണ്ടായിരുന്ന സ്മൃതി ഇറാനി താനാണ് സോണിയയുടെ പേര് പറഞ്ഞതെന്ന് അറിയിച്ചു. താങ്കൾ എന്നോട് സംസാരിക്കരുതെന്നായിരുന്നു ഇതിന് സോണിയയുടെ മറുപടി. 'മര്യാദയ്ക്ക് സംസാരിക്കണം. ഇത് നിങ്ങളുടെ പാർട്ടി ഓഫീസല്ലെന്ന്' സ്മൃതി പറഞ്ഞു. അതിനിടെ ബി.ജെ.പി എം.പിമാർ സോണിയയെ വളഞ്ഞ് മുദ്രാവാക്യം മുഴക്കി.

സുപ്രിയാ സുലേ, മഹുവ മൊയ്‌ത്ര, അപരൂപ പൊദ്ദാർ എന്നീ വനിതാ എം.പിമാർ സോണിയയെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. 'എനിക്കാരെയും പേടിയില്ല. രമാദേവിയെ പരിചയമുള്ളതുകൊണ്ടാണ് സംസാരിക്കാൻ പോയത്. പിന്നെയെന്തിനാണ് എന്നെ ആക്രമിക്കുന്നത്' സോണിയ രോഷാകുലയായി ചോദിച്ചു. അതിനിടെ കൊടിക്കുന്നിൽ സുരേഷ്, രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ ഓടിയെത്തി സോണിയയെ സഭയ്ക്ക് പുറത്തേക്ക് കൊണ്ടുപോയി. സ്മൃതിയുടെ മകളുടെ പേരിലുള്ള ഗോവയിലെ ബാർ ആൻഡ് കഫെയുടെ ലൈസൻസ് വിഷയം കോൺഗ്രസ് വിവാദമാക്കിയതിന് പിന്നാലെയാണ് സഭയിലെ നാടകീയ രംഗങ്ങൾ.

നാവുപിഴയെന്ന് അധീർ

ബുധനാഴ്ച മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കവേ പറ്റിയ നാവുപിഴ ബി.ജെ.പി വിവാദമാക്കിയെന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. രാഷ്ട്രപതിയെ നേരിട്ട് കണ്ട് മാപ്പുപറയുമെന്നും അദ്ദേഹം പറഞ്ഞു.

 സ്പീക്കർക്ക് പരാതി നൽകി

സോണിയ ഗാന്ധിയെ പരുഷമായ വാക്കുകൾ കൊണ്ട് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ബി.ജെ.പി എം.പിമാരെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സ്‌പീക്കർ ഒാം ബിർളയ്‌ക്ക് പരാതി നൽകി.

Advertisement
Advertisement