തളിപ്പറമ്പിൽ നിന്ന് തട്ടിയത് നൂറുകോടി ; നിക്ഷേപതട്ടിപ്പിൽ കേസെടുത്തു

Thursday 28 July 2022 11:40 PM IST

തളിപ്പറമ്പ്: തളിപ്പറമ്പിൽ നൂറുകോടിരൂപ നിക്ഷേപതട്ടിപ്പിന് നടത്തിയ സംഭവത്തിലെ മുഖ്യസൂത്രധാരൻ അള്ളാംകുളം സ്വദേശിയും ചാപ്പാരപടവിൽ താമസക്കാരനുമായ കെ. മുഹമ്മദ് അബിനാസിനും (22) സഹായിയായ സുഹൈറിനെതിരെയും കേസെടുത്തു. തളിപ്പറമ്പ് സ്വദേശി അബ്ദുൾ ജലീലിന്റെ പരാതിയിലാണ് കേസ്. നിരവധി പേർ ഈയാൾക്കെതിരെ പരാതി നൽകാനിരിക്കുകയാണ്.
ഭാര്യയുടെ പേരിലുള്ള വസ്തു പണയപ്പെടുത്തി ലഭിച്ച തുക അടക്ം 40 ലക്ഷം രൂപ സുഹൈൽ മുഖാന്തിരം മുഹമ്മദ് അബിനാസിന് നൽകിയെന്നാണ് ജലീൽ നൽകിയ പരാതി. നാൽപതു ലക്ഷം രൂപയ്ക്ക് ലാഭവിഹിതമായി 50 ലക്ഷം രൂപ തിരിച്ചു നൽകാമെന്നായിരുന്നു കരാർ. ഇപ്പോൾ തിരികെ ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറിയെന്നും ഈയാളുടെ പരാതിയിൽ പറയുന്നു.
തളിപറമ്പ് കാക്കത്തോടിന് സമീപത്തെ ഷോപ്പിംഗ് കോംപ്ളക്സിൽ ലോത്ത് ബ്രോക്ക് കമ്യൂണിറ്റിയെന്ന പേരിൽ ട്രെയ്ഡിംഗ് ബിസിനസ് തുടങ്ങിയായിരുന്നു അബിനാസിന്റെ തട്ടിപ്പ് തുടങ്ങിയത്. ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയാൽ ദിവസങ്ങൾക്കുള്ളിൽ വൻ തുക ലാഭവിഹിതമായി ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു അബിനാസ് നൂറുകോടിയോളം നിക്ഷേപം സ്വീകരിച്ചത്. ഒരുലക്ഷം മുതൽ ഒരുകോടി രൂപവരെ ഇയാൾ നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച്ച മുതലാണ് അബിനാസിനെ കാണാതാവുന്നത്. തളിപ്പറമ്പ് മേഖലയിൽനിരവധിയാളുകൾക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ഒരാൾ മാത്രമാണ് പരാതി നൽകിയിട്ടുളളത്.

തട്ടിക്കൊണ്ടുപോകലിന് അഞ്ചു പേർ അറസ്റ്റിൽ
ഇതിനിിടെ നൂറുകോടി നിക്ഷേപ തട്ടിപ്പ് നടത്തി പണവുമായി മുങ്ങിയ അബിനാസിന്റെ സഹായിയെന്ന് അറിയപ്പെടുന്ന സുഹൈറിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
വെള്ളാരംപാറ ആയിഷാസിലെ മുഹമ്മദ് സുനീർ(28), മന്നയിലെ കായക്കൂൽ മുഹമ്മദ് അഷറഫ്(43), കാക്കാത്തോട്ടിലെ പാറപ്പുറത്ത് മൂപ്പന്റകത്ത് മുഹമ്മദ് ഷക്കീർ(31), സീതീസാഹിഹ് ഹയർസെക്കണ്ടറി സ്‌കൂളിന് സമീപത്തെ കൊമ്മച്ചി പുതിയ പുരയിൽ ഇബ്രാഹിംകൂട്ടി(35), തളിപ്പറമ്പ് സി.എച്ച്‌റോഡിലെ ചുള്ളിയോടൻ പുതിയപുരയിൽ സി.വി.ഇബ്രാഹിം(30) എന്നിവരെയാണ് തളിപ്പറമ്പ് ഡി .വൈ .എസ്.പിയുടെ നിർദ്ദേശപ്രകാരം സി.ഐ. എ.വി.ദിനേശൻ അറസ്റ്റ് ചെയ്തത്. ഇവരെല്ലാം പണം നിക്ഷേപിച്ചവരാണെന്നാണ് വിവരം.

കഴിഞ്ഞ 23നാണ് ഇവർ സുഹൈറിനെ തട്ടിക്കൊണ്ടുപോയി അജ്ഞാതകേന്ദ്രത്തിൽ തടങ്കലിലിട്ടത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മാതാവ് ആത്തിക്ക തളിപ്പറമ്പ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയപ്പോഴേക്കും സുഹൈറിനെ സഹോദരിയുടെ വീടിന് സമീപം സംഘം ഉപേക്ഷിക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് പൊലീസിന് നൽകിയ മൊഴി സുഹൈർ പിന്നീട് തിരുത്തി.

ഗൾഫിലേക്ക് കടന്നു

കേസിലെ മുഖ്യപ്രതിയായ അബിനാസ് വിദേശത്തേക്ക് കടന്നതായി പൊലീസിന് സൂചനലഭിച്ചിട്ടുണ്ട്. ഇയാൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. നിക്ഷേപ തട്ടിപ്പു കേസിൽ എൻഫോഴ്സ്‌മെന്റും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Advertisement
Advertisement