അയ്യങ്കാളിയായി വിനായകൻ, സംവിധാനം - ആഷിക് അബു
അയ്യങ്കാളിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. വിനായകൻ അയ്യങ്കാളിയായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആഷിക് അബുവാണ് .ശ്യാം പുഷ്കരനും സാംകുട്ടി പട്ടംകരിയും ചേർന്നാണ് തിരക്കഥ എഴുതുന്നത്.സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. തിരക്കഥ ജോലി പുരോഗമിക്കുകയാണ്.
ആഷിക് അബു സംവിധാനം ചെയ്ത വൈറസ് ജൂൺ 7നാണ് റിലീസ് ചെയ്യുന്നത്.ഇതിനുശേഷം സിനിമയുടെ കാര്യങ്ങൾ ഒൗദ്യോഗികമായി പ്രഖ്യാപിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ഒ.പി.എമ്മിന്റെ ബാനറിൽ റിമ കല്ലിംഗലാണ് ചിത്രം നിർമ്മിക്കുന്നത്. റംസാന് എത്തുന്ന തൊട്ടപ്പനാണ് വിനായകന്റെ പുതിയ സിനിമ. അതേ സമയം നവമാദ്ധ്യമങ്ങളിൽ വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങളുമായി വിനായകൻ നിറഞ്ഞു നിൽക്കുകയാണ്.അയ്യങ്കാളിയുടെ വേഷവിധാനത്തിൽ വിനായകന്റെ ചിത്രങ്ങൾ ഇതിനോടകം പ്രത്യക്ഷപ്പെട്ടു. ഇതൊക്കെ അയ്യങ്കാളിയായി താൻ അഭിനയിക്കാൻ പോകുന്നതിന്റെ സൂചന വിനായകൻ നൽകുന്നുവെന്നാണ് വിലയിരുത്തൽ.
ടൈറ്റിൽ കഥാപാത്രങ്ങളിൽ മാത്രമാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.നവാഗതയായ ലീല സന്തോഷ് സംവിധാനം ചെയ്യുന്ന കരിന്തണ്ടനാണ് വിനായകന്റെ മറ്റൊരു പ്രോജക്ട്.