തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ ഞെക്കിക്കൊല്ലുന്നു: കെ. സുരേന്ദ്രൻ

Sunday 31 July 2022 12:24 AM IST

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളെ സംസ്ഥാന സർക്കാർ കഴുത്ത് ഞെരിച്ച് കൊല്ലുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി കോർപ്പറേഷൻ കൗൺസിലർമാരുടെ ശില്പശാല കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങളിൽ ഭരണസ്തംഭനമാണ്. എല്ലാ കോർപ്പറേഷനിലും പട്ടികജാതി വികസന ഫണ്ട് തട്ടിപ്പുണ്ട്.

നേമം കോച്ചിംഗ് ടെർമിനൽ കേന്ദ്രം ഉപേക്ഷിക്കുന്നുവെന്ന പ്രചാരണത്തിന് മുഖ്യമന്ത്രി നേതൃത്വം നൽകി. എന്നാൽ നേമം ടെർമിനൽ യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ കോർപ്പറേഷനുകളിലെ 58 ജനപ്രതിനിധികൾ ശില്പശാലയിൽ പങ്കെടുത്തു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, സംഘടന സെക്രട്ടറി എം. ഗണേശ്, സംസ്ഥാന സെൽ കോഓർഡിനേറ്റർ കുളനട അശോകൻ എന്നിവർ പങ്കെടുത്തു.