കത്തോലിക്ക വിഭാഗത്തിലെ പ്രമുഖൻ, അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപി ലക്ഷ്യം വയ‌്‌ക്കുന്നത് കോട്ടയത്ത് നിന്നുള്ള ഈ എംഎൽഎയെ

Sunday 31 July 2022 11:32 AM IST

കോട്ടയം: ബി ജെ പിയിലേക്കെന്ന വ്യാപകമായ പ്രചാരണം തള്ളി മാണി സി കാപ്പൻ എംഎൽഎ രംഗത്തു വന്നിട്ടും രാഷ്ട്രീയ വിവാദം കെട്ടടങ്ങുന്നില്ല. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനുമായി സമീപ കാലത്ത് കൂടിക്കാഴ്ച നടത്തിയെന്ന് കാപ്പൻ സമ്മതിച്ചിരുന്നു. ബി ജെ പിയിലേക്കു പോകുമോ എന്ന ചോദ്യത്തിന് "ഇപ്പോൾ പറയാൻ പറ്റില്ല രാഷ്ട്രീയമല്ലേ, കാലം മാറി വരുമെന്ന മറുപടിയോടെ ആശയക്കുഴപ്പമേറി. കൂടുതലൊന്നും വിട്ടു പറയാൻ ബി ജെ പി നേതാക്കളും തയ്യാറാകുന്നില്ല. കോൺഗ്രസ് ഉന്നത നേതാക്കളാകട്ടെ കാപ്പന്റെ അഴകൊഴമ്പൻ നിലപാടിൽ അസ്വസ്ഥരാണ്.

കേരളത്തിലെ ഒരു എം എൽ എയുടെ വോട്ട് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥിയായിരുന്ന ദ്രൗപതി മുർമ്മുവിന് ലഭിച്ചതോടെയാണ് കാപ്പന്റെ വോട്ടാണെന്ന പ്രചാരണം ഉയർന്നത്. ഇതോടെ ഇത് നിഷേധിച്ച് കാപ്പൻ പത്രസമ്മേളനം നടത്തി. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് എൻ ഡി എ സ്ഥാനാർത്ഥിയായി കാപ്പനെ മത്സരിപ്പിക്കുന്നതിനുള്ള ആലോചനയുടെ ഭാഗമായാണ് സുരേന്ദ്രൻ ചർച്ച നടത്തിയതെന്നാണ് രാഷ്ട്രീയ എതിരാളികളുടെ പ്രചാരണം. കത്തോലിക്കാ വിഭാഗത്തിൽപെട്ട കാപ്പനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ മദ്ധ്യ കേരളത്തിലെ ക്രൈസ്തവ വോട്ടുബാങ്കിൽ സ്വാധീനമുറപ്പിക്കാൻ കഴിയുമെന്നതാണ് കണക്കൂട്ടൽ. യു ഡി എഫിൽ അർഹമായ പരിഗണന കിട്ടാത്തതിൽ ഏറെ കാലമായി അസംതൃപ്തിയിലാണ് കാപ്പൻ.

പിന്നിൽ കേരള കോൺഗ്രസ് എം.

സോഷ്യൽ മീഡിയയിലും പുറത്തും തനിക്കെതിരായ ആഘോഷങ്ങൾക്കും വ്യാജപ്രചാരണങ്ങൾക്കും പിന്നിൽ പാലായുടെ വികസനം അട്ടിമറിക്കുന്ന കേരളകോൺഗ്രസ് എമ്മാണെന്ന് കാപ്പൻ ആരോപിച്ചു. ജലവിഭവ വകുപ്പ് പദ്ധതി പോലും നടപ്പാക്കാതെ വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന പാലായിൽ തോറ്റ എം എൽ എ ആണ് ഇതിന് പിന്നിൽ. പാലായടെ വികസനത്തിൽ രാഷ്ട്രീയമില്ല, ആരുമായും സഹകരിക്കും. ജോസ് വിഭാഗത്തെ വീണ്ടും യു ഡി എഫിൽ എത്തിക്കുന്നതിനെക്കുറിച്ച് അനുകൂലപരാമർശംനടത്തിയ സുധാകരനെതിരെ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.