അഞ്ച് ദിവസത്തെ ഡേറ്റ് ചോദിച്ചപ്പോൾ മോഹൻലാൽ തന്നതാണ്, പക്ഷേ കാര്യം കേട്ടപ്പോൾ എന്റെ കെെ പിടിച്ച് തിരിച്ചു; ഫ്രണ്ട്‌സിലെ ജഗതിയുടെ റോൾ ഞാൻ ചെയ്യേണ്ടതായിരുന്നു
മലയാളികൾക്ക് എക്കാലവും ഓർമിക്കാനാകുന്ന ഒട്ടേറെ കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ് ഇന്നസെന്റ്. സിനിമകളിലൂടെയും മറ്റ് വേദികളിലൂടെയും ഇപ്പോഴും അദ്ദേഹം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ്.
അഭിമുഖങ്ങളിലൂടെ രസകരമായ ഒട്ടനവധി സംഭവങ്ങൾ താരം തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു രസകരമായ സംഭവം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ഇന്നസെന്റ്. കൗമുദി മൂവീസിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
'സിനിമയിൽ ഇടയ്ക്ക് നല്ല തിരക്ക് വരും. ഈ സമയം ചിലപ്പോൾ മാറി നിൽക്കും. ചിലപ്പോൾ ഒരു പടം വിടും. അങ്ങനെ ഉപേക്ഷിച്ച ചിത്രമാണ് ഫ്രണ്ട്സ്. ജഗതി ശ്രീകുമാർ ചെയ്ത റോൾ ഞാൻ ചെയ്യേണ്ടതായിരുന്നു. സത്യൻ അന്തിക്കാടിന്റെയും ഹരന്റെയും പ്രിയദർശന്റെയും ചിത്രങ്ങൾ ഞാൻ വിട്ടിട്ടുണ്ട്. ആ സമയം ഞാനും ഭാര്യയും മകനുമൊത്ത് കറങ്ങി നടക്കും. കശുമാവ് പൂക്കുന്ന കാലമായത് കൊണ്ട് ഇന്നസെന്റ് വരില്ലെന്ന് ചിലർ കളിയാക്കി പറയാറുണ്ട്.
മോഹൻലാലുമായി നല്ല അടുപ്പമുണ്ടായിരുന്നു. എനിക്കൊരു അഞ്ച് ദിവസം തരാമോന്ന് ഞാൻ ചോദിച്ചു. കുറച്ച് നേരം സത്യൻ അന്തിക്കാടുമായി ആലോചിച്ച ശേഷം ഡേറ്റ് തരാമെന്ന് ലാൽ പറഞ്ഞു. ഗസ്റ്റ് റോൾ ആണോന്ന് ലാൽ ചോദിച്ചു. ഗസ്റ്റ് റോൾ അല്ല, നമുക്ക് എവിടെയെങ്കിലും പോയിരുന്ന് വർത്തമാനം പറയാമെന്ന് ഞാൻ പറഞ്ഞു. തന്നെ വച്ച് സിനിമ ചെയ്‌ത് വിൽക്കാനല്ല ഞാൻ ഡേറ്റ് ചോദിച്ചത്. എന്നെപ്പോലും ഞാൻ വിറ്റ് തീർന്നില്ല. ലാൽ എന്റെ കെെ പിടിച്ച് തിരിച്ചു'- ഇന്നസെന്റ് പറഞ്ഞു.