ശിവസേന എം പി  സഞ്ജയ്  റാവുത്തിനെ ഇ ഡി കസ്റ്റഡിയിലെടുത്തു,​  നടപടി മണിക്കൂറുകള്‍ നീണ്ടുനിന്ന  ചോദ്യം ചെയ്യലിനൊടുവിൽ

Sunday 31 July 2022 5:42 PM IST

മുംബയ്: പത്ര ചൗൾ പുനരധിവാസപദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യക്കേസിൽ ശിവസേന എംപി സഞ്ജയ് റാവുത്തിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. വസതിയിലെ ചോദ്യം ചെയ്യലിനും റെയ്‌ഡിനും ഒടുവിലാണ് സഞ്ജയ് റാവുത്തിനെ കസ്റ്റഡിയിലെടുത്തത്.

സി.ആർ.പി.എഫ് സുരക്ഷയോടെ അദ്ദേഹത്തിന്റെ മുംബയിലെ ബാൻഡുപ്പിലുള്ള വസതിയിലായിരുന്നു ചോദ്യം ചെയ്യൽ. വസതിയിൽ ഇ ഡി പരിശോധനയും നടത്തി.

നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് രണ്ടുതവണ റാവുത്തിന് ഇ.ഡി സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരാകാന്‍ കൂട്ടാക്കിയിരുന്നില്ല. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന കാര്യമടക്കം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഹാജരാകാതിരുന്നത്. സഞ്ജയ് റാവുത്തിന് പിന്തുണയുമായി ശിവസേന പ്രവർത്തകർ വസതിക്ക് മുന്നിൽ തടിച്ചുകൂടിയിരുന്നു.

അതേസമയം, രാഷ്ട്രീയ പകപോക്കലാണ് തനിക്കെതിരെ നടത്തുന്നതെന്നാണ് റാവുത്ത് നേരത്തെ ആരോപിച്ചിരുന്നു. ഒരു അഴിമതിയും നടത്തിയിട്ടില്ലെന്ന് ബാലസാഹിബ് താക്കറെയുടെ പേരിൽ സത്യം ചെയ്യുന്നു. പോരാടാനാണ് അദ്ദേഹം തന്നെ പഠിപ്പിച്ചിട്ടുള്ളതെന്നും റാവുത്ത് ട്വീറ്റ് ചെയ്‌തിരുന്നു.

നേരത്തെ ജൂലായ് ഒന്നിന് റാവുത്തിനെ ഇ.ഡി പത്ത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ വര്‍ഷ റാവുത്ത് അടക്കമുള്ളവരുടെ 11.15 കോടി രൂപയുടെ സ്വത്തുവകകള്‍ ഇ.ഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഫ്‌ളാറ്റും ഭൂസ്വത്തുക്കളും അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.