സ്വർണക്കടത്തിന് ഉപയോഗിക്കുന്നത് വ്യത്യസ്തമായ മാർഗങ്ങൾ, കോഴിക്കോട് വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി പിടികൂടിയത് 75 ലക്ഷത്തിന്റെ സ്വർണം
കോഴിക്കോട്: രണ്ട് യാത്രക്കാരിൽ നിന്നും പിടിച്ചെടുത്തത് 75 ലക്ഷം രൂപയുടെ സ്വർണം. കോഴിക്കോട് വിമാനത്താവളത്തിലാണ് കസ്റ്റംസിന്റെ പ്രിവന്റീവ് വിഭാഗം വൻ സ്വർണ വേട്ട നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്തു സംഘത്തിൽ ഉൾപ്പെട്ടവർ പിടിയിലാകുന്നത്. കോഴിക്കോട് സ്വദേശിയായ അബ്ദുൾ മജീദിന്റെ ലഗേജിൽ നിന്നും 578.69 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ലഗേജിന്റെ കൂട്ടത്തിൽ എക്സോസ്റ്റ് ഫാനിന്റെ ആർമേച്ചറിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. ലഗേജിന്റെ തൂക്കത്തിൽ വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കള്ളി വെളിച്ചത്തായത്. മെറ്റൽ കട്ടറിന്റെ സഹായത്തോടെ ഫാൻ പൊളിച്ചാണ് സ്വർണം എടുത്തത്.
വടകര സ്വദേശി നാസറിൽ നിന്നും 848.6 ഗ്രാമിന്റെ സ്വർണ മിശ്രിതമാണ് കസ്റ്റംസ് കണ്ടെടുത്തത്. ഈ മിശ്രിതത്തിൽ നിന്നും 776.6 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. കഴിഞ്ഞ ഒരാഴ്ച്ചക്കകം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും നാല് കോടിയോളം വിലവരുന്ന സ്വർണം പിടിച്ചെടുത്തു. അസി. കമ്മീഷണർ സിനോയ് കെ. മാത്യുവിന്റെ നിർദ്ദേശത്തിൽ സൂപ്രണ്ട് പ്രകാശ് എം, ഇൻസ്പെക്റ്റർ ഹർഷിത് തിവാരി, ഹെഡ് ഹവിൽദാർ ഇ.വി. മോഹനൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.