നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറിയെന്ന് അതിജീവിതയുടെ അഭിഭാഷക ആരോപിച്ചിരുന്നു.
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കാൻ വിചാരണ കോടതി ജഡ്‌ജി അനുമതി നിഷേധിച്ചുവെന്നായിരുന്നു അഭിഭാഷകയുടെ ആരോപണം. കേസിൽ അനുബന്ധകുറ്റപത്രം നൽകിയ സാഹചര്യത്തിൽ ഇതിന്റെ പകർപ്പ് തേടിക്കൊണ്ട് നടി വിചാരണ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇത് കൂടി കിട്ടിയ ശേഷമാകും ഹൈക്കോടതിയിലെ ഹർജിയിൽ അതിജീവിത കൂടുതൽ വാദങ്ങൾ ഉന്നയിക്കുക.
ഇതിനിടെ വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിൽ കേസിലെ എട്ടാം പ്രതിയായ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദേശം നൽകണമെന്നും, ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്നും ആവശ്യപ്പെട്ടാണ് നടൻ ഹർജി നൽകിയത്. സിനിമാ ലോകത്തെ ശത്രുതയും, മുൻ ഭാര്യയും അതിജീവിതയും തമ്മിലുള്ള ബന്ധവും തന്നെ കേസിൽപ്പെടുത്താനുള്ള കാരണമായെന്നും ദിലീപ് ചൂണ്ടിക്കാട്ടി.
അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ വൈകിക്കുന്നുവെന്നും ദിലീപ് ആരോപിക്കുന്നുണ്ട്. കേസിനെക്കുറിച്ച് അതിജീവിത മാദ്ധ്യമങ്ങളോട് സംസാരിച്ചത് ഉചിതമല്ല. പുതിയ അന്വേഷണ റിപ്പോർട്ട് പരിഗണിക്കരുതെന്ന് നിർദ്ദേശം നൽകണമെന്നും ദീലീപ് ആവശ്യപ്പെടുന്നുണ്ട്.