'ഒരു അഡാർ ലവി'ലെ കണ്ണിറുക്കലിന് ശേഷം നേരിടേണ്ടി വന്നത് കടുത്ത വൈകാരിക വെല്ലുവിളി; തനിക്കുനേരെ ഉണ്ടായ സൈബർ ആക്രമണത്തെ പറ്റി പ്രിയാ വാര്യർ
'ഒരു അഡാർ ലവ്' എന്ന സിനിമയിലെ കണ്ണിറുക്കലിലൂടെ 2018ൽ രാജ്യത്ത് ഗൂഗിളിൽ ഏറ്റവുമധികം തിരയപ്പെട്ട വ്യക്തിയായി ജനശ്രദ്ധ നേടിയതിന് പിന്നാലെ കടുത്ത സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നുവെന്ന് നടി പ്രിയാ വാര്യർ. കേന്ദ്ര സർക്കാരിന്റെ സ്കിൽ ഇന്ത്യ പദ്ധതിയുടെ സഹകരണത്തോടെ ട്രാപ്‌ഡ് സോൺ എന്ന സംഘടന ആരംഭിച്ച സൈബർ കുറ്റകൃത്യ ജാഗ്രത ക്യാമ്പയിൻ അംബാസഡറായി നടി പ്രിയാ വാര്യർ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് പ്രിയ ഇക്കാര്യം അറിയിച്ചത്.
സൈബർ ആക്രമണങ്ങൾ മാനസികമായും വൈകാരികമായും കടുത്ത വെല്ലുവിളി ഉയർത്തുമെന്നും അത് നേരിട്ട വ്യക്തിയാണ് താൻ എന്നും അതിനാൽ ഈ മേഖലയിൽ സുരക്ഷിതരായിരിക്കേണ്ടതിന്റെ പ്രാധാന്യം അറിയാമെന്നും പ്രിയ പറഞ്ഞു. ഒടുവിൽ ചെയ്ത ‘ലൗ ഹാക്കേഴ്‌സ്’ എന്ന സിനിമയിൽ നമ്മൾ ദൈനംദിനം കാണുന്ന ഇന്റർനെറ്റിന്റെ മറുവശമായ ‘ഡാർക്ക് വെബി’നെപ്പറ്റി കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു. തട്ടിപ്പുകൾ മുതൽ മനുഷ്യക്കടത്തുവരെ ഡാർക്ക് വെബിന്റെ മറവിൽ നടക്കുന്നു. സ്കൂളുകളിലും കോളേജുകളിലും സെമിനാറുകളും വെബിനാറുകളും നടത്തി സൈബർ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കണമെന്നും പ്രിയ പറഞ്ഞു.