കിരണിന്റെ ദുരൂഹ മരണം: മൂന്നാം പ്രതിയുടെ മുൻകൂർ ജാമ്യഹർജി തള്ളി

Tuesday 02 August 2022 2:49 AM IST

തിരുവനന്തപുരം: ആഴിമല കടൽത്തീരത്ത് കാണാതായ നേമം മൊട്ടമൂട് സ്വദേശി കിരണിന്റെ ദുരൂഹ മരണത്തിൽ മൂന്നാം പ്രതിയുടെ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളി. മൂന്നാം പ്രതി വിഴിഞ്ഞം സ്വദേശി അരുൺ .എം.ആറിന് ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കുമെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണു ജാമ്യ ഹർജി തളളിയത്.

അറസ്റ്റുചെയ്‌ത് കസ്റ്റഡിയിൽ ചോദ്യം ചെയ്‌താലേ പ്രതികൾ കിരണിനെ എവിടെയാണ് കൊണ്ടുപോയതെന്നതടക്കം കേസിലെ നിർണായക വിവരങ്ങൾക്ക് തുമ്പ് കണ്ടെത്താനാകൂവെന്ന പ്രോസിക്യൂഷൻ വാദവും കോടതി പ്രത്യേകം പരിഗണിച്ചു.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺ സുഹൃത്തിനെ കാണാൻ ആഴിമല ഭാഗത്തെത്തിയ കിരണിനെയും സുഹൃത്തുക്കളായ മെൽവിൻ,​ അനന്ദു എന്നിവരെയും അരുണും പെൺകുട്ടിയുടെ സഹോദരൻ രാജേഷും സജിത് കുമാറും ചേർന്ന് ആക്രമിക്കുകയായിരുന്നു. ആഴിമല ക്ഷേത്രത്തിന് സമീപം കടലിൽ കാണാതായ കിരണിന്റെ മൃതദേഹം ദിവസങ്ങൾക്കുശേഷം തമിഴ്നാട് നിദ്രവിളയിൽ നിന്നാണ് കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.

Advertisement
Advertisement