മാരക ശേഷിയുള്ള തോക്ക് നിരോധന ബിൽ പാസാക്കി യു.എസ് ഹൗസ്

Monday 01 August 2022 10:54 PM IST

വാഷിംഗ്ടൺ ഡിസി: യു.എസിൽ നിരപരാധികളുടെ ജീവനെടുക്കുന്ന ആൾക്കൂട്ട വെടിവയ്പ് തടയുന്നതിനായി മാരകശേഷിയുള്ള വെടിക്കോപ്പുകളുടെ വില്പന തടയുന്ന ബിൽ യു.എസ് ഹൗസ് പാസാക്കി. ജൂലായ് 29ന് വൈകിട്ട് യു.എസ് ഹൗസിൽ അവതരിപ്പിച്ച ബിൽ ചൂടേറിയ വാഗ്വാദങ്ങൾക്ക് ശേഷമാണ് പാസായത്. 217 പേർ ബില്ലിന് അനുകൂലമായി വോട്ടുചെയ്തപ്പോൾ 213 പേർ ബില്ലിനെ എതിർത്തു.
ബിൽ നിയമമായാൽ ഇത്തരത്തിലുള്ള ആയുധങ്ങളുടെ വില്പന നിയന്ത്രിക്കപ്പെടും. യു.എസ് ഹൗസ് ബിൽ പാസാക്കിയെങ്കിലും യു.എസ് സെനറ്റിൽ 60 പേർ അനുകൂലിച്ചാൽ മാത്രമേ ബിൽ നിയമമാകൂ. അവസാന നിമിഷ അട്ടിമറികൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ബിൽ സെനറ്റിൽ പരാജയപ്പെടാനാണ് സാദ്ധ്യത. 50-50 അംഗങ്ങളാണ് ഇരുപാർട്ടികൾക്കുള്ളത്. 1994ൽ ഇതുപൊലൊരു നിയമം അമേരിക്കയിൽ കൊണ്ടുവന്നുവെങ്കിലും 2004ൽ അതിന്റെ കാലാവധി അവസാനിച്ചിരുന്നു.

Advertisement
Advertisement