എൽ.ഡി.എഫ് സർക്കാരിനെതിരായ പ്രചാരണം നേരിടാൻ സി.പി.എം

Tuesday 02 August 2022 12:05 AM IST

ന്യൂഡൽഹി: കേരളത്തിലെ എൽ.ഡി. എഫ്‌ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ വിവിധ കോണുകളിൽ നിന്നുള്ള നീക്കങ്ങൾക്കെതിരായി രാജ്യവ്യാപമായി പ്രചാരണം സംഘടിപ്പിക്കാൻ കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചതായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ്‌തംബർ 14 മുതൽ 24 വരെ പ്രക്ഷോഭം സംഘടിപ്പിക്കും. എൽ.ഡി.എഫ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ യു.ഡി.എഫ് ബി.ജെ.പിയുമായി ചേർന്നാണ് പ്രക്ഷോഭം നടത്തുന്നത്. എൽ.ഡി.എഫ്‌ സർക്കാരിന്റെ ജനക്ഷേമ പരിപാടികൾ ഉയർത്തിക്കാട്ടി അതിനെ പ്രതിരോധിക്കും. കേന്ദ്രഏജൻസികളെ ദുരുപയോഗം ചെയ്‌ത് സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് നീക്കം. സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാന വിഹിതം അടക്കം നിഷേധിക്കപ്പെടുന്നു.

ജി.എസ്‌.ടി നിരക്ക് വർദ്ധിപ്പിച്ചും മറ്റും ജനങ്ങളെ പിഴിയുന്നതിനു പകരം ,അതിസമ്പന്നർക്ക്‌ നികുതി ചുമത്തണമെന്ന് കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാനസർക്കാരുകളെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്ന കേന്ദ്ര സർക്കാർ, ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് പാർലമെന്റിലും അവസരം നിഷേധിക്കുന്നു.. ഗുജറാത്തിൽ അറസ്റ്റിലായ ടീസ്‌റ്റ സെതൽവാദ്‌, ആർ.ബി. ശ്രീകുമാർ എന്നിവരെ മോചിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.സ്വാതന്ത്ര്യ ദിനത്തിൽ സി.പി.എം ഓഫീസുകളിൽ ദേശീയ പതാക ഉയർത്തുകയും ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കുകയും ചെയ്യും. സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ പങ്കിനെക്കുറിച്ചുള്ള ചർച്ചകൾ നടത്തും.

Advertisement
Advertisement