കരുവന്നൂർ തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണം: വി.ഡി. സതീശൻ

Tuesday 02 August 2022 12:14 AM IST

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് സി.പി.എം ജില്ലാ കമ്മിറ്റിക്ക് അഞ്ച് വർഷം മുമ്പ് അറിയാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഭാരതീയ ദളിത് കോൺഗ്രസ് സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേസ് സി.ബി.ഐ അന്വേഷിക്കണം.

കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിന് പിന്നിൽ സി.പി.എമ്മിന്റെ ഉന്നതനേതാക്കൾക്കും പങ്കുണ്ട്. ഒന്നാം പ്രതിയുടെ അച്ഛനും സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ടിരിക്കുകയാണ്. സഹകരണ ബാങ്കുകളിലെ ഡെപ്പോസിറ്റ് ഗാരന്റി സ്‌കീമിന്റെ രണ്ട് ലക്ഷമെന്ന പരിധി ഉയർത്തണം. ഇത് ചൂണ്ടക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. അംബേദ്കറെ അപമാനിക്കുന്ന സംഭവങ്ങൾ പലഭാഗങ്ങളിൽ നടക്കുകയാണ്. ആർ.എസ്.എസിന്റെ വാദങ്ങളാണ് സി.പി.എം നേതാക്കളും ഉയ‌ർത്തുന്നത്. ജയ് ഭീം മുദ്രാവാക്യത്തെ പരിഹസിച്ച എം.എൽ.എക്കെതിരെ മുഖ്യമന്ത്രിയോ ഭരണപക്ഷമോ ഒരുവാക്ക് പോലും മിണ്ടിയിട്ടില്ല. എ.കെ.ജി സെന്റർ ആക്രമണ കേസ് ശരിയായി അന്വേഷിച്ചാൽ സി.പി.എമ്മിൽ തന്നെ എത്തിച്ചേരുമെന്നും സതീശൻ പറഞ്ഞു.

ഡോ. ബി.ആർ. അംബേദ്കറെ സി.പി.എം അവഹേളിക്കുന്നുവെന്ന് ആരോപിച്ച് രാവിലെ ഒമ്പത് മുതൽ വെകിട്ട് അഞ്ചു വരെയായിരുന്നു ഉപവാസം. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.സി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി,​ ശരത്ചന്ദ്രപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.