പതിവ് വിളിക്കായി കാത്തിരുന്നു, അറിഞ്ഞത് മകന്റെ വിയോഗം

Tuesday 02 August 2022 12:45 AM IST
രക്ഷപ്പെട്ടവർ

വിഴിഞ്ഞം: ' പതിവ് വിളിക്കായി കാത്തിരിക്കുന്ന കെലനെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കും ഞാൻ ' മകന്റെ മരണ വിവരമറിഞ്ഞ് പൊട്ടിക്കരയുന്നതിനിടയിലും ഗിൽബർട്ടിന്റെ വാക്കുകൾ എല്ലാവർക്കും വേദനയായി. ദിവസവും പുലർച്ചെ 3ന് മാതാവ് കെലൻ തയ്യാറാക്കി നൽകിയ കഞ്ഞിയുമായാണ് കിൽസൺ കടലിൽ പോകുന്നത്. ഇന്നലെയും ആ പതിവ് തെറ്റിച്ചില്ല. ഗിൽബർട്ട് വീട്ടിലെത്തിയശേഷമാണ് മകന്റെ വേർപാട് കെലനെ അറിയിച്ചത്.

ഞെട്ടൽ മാറാതെ രക്ഷപ്പെട്ടവർ

മറ്റൊരു വള്ളമെത്തിയില്ലായിരുന്നെങ്കിൽ തങ്ങൾക്ക് രക്ഷപ്പടാൻ കഴിയുമായിരുന്നില്ലെന്ന് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. കരയ്‌ക്കെത്താൻ ഏതാനും നോട്ടിക്കൽ മൈലുകൾ ശേഷിക്കെയാണ് ഉയർന്നുപൊങ്ങിയ വൻ തിരയിൽപ്പെട്ട് വള്ളം മറിയുന്നത്. അഞ്ചുപേരും കടലിലേക്ക് തെറിച്ചുവീണു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന കിൽസൺ താഴേക്ക് മുങ്ങിപ്പോകുന്നതുകണ്ട് രക്ഷിക്കാൻ ശ്രമിച്ചു. നീന്തി തളരുന്നതിനിടെയാണ് മറ്റൊരു വള്ളമെത്തിയത്. അവർ തങ്ങളെ വള്ളത്തിൽ കയറ്റിയെന്നും കിൽസനെ കാലിൽ കുരുങ്ങിയ കയറിൽ പിടിച്ച് വള്ളത്തിൽ കയറ്റി കരയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഇവർ പറഞ്ഞു.

ഫോട്ടോ: രക്ഷപ്പെട്ട രമേശ്, വിജയൻ, യേശുപാലൻ,

ജോൺഡെൻസൺ എന്നിവർ

Advertisement
Advertisement