ഇ.ഡിക്കെതിരായ കേസുകൾ റദ്ദാക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീലുകൾ ഫയലിൽ സ്വീകരിച്ചു

Tuesday 02 August 2022 12:48 AM IST

കൊച്ചി: സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ പേരുപറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്ന് പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും വെളിപ്പെടുത്തിയതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് രജിസ്റ്റർചെയ്ത കേസുകൾ സിംഗിൾബെഞ്ച് റദ്ദാക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻബെഞ്ച് ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികളായ ഇ.ഡിക്ക് നോട്ടീസ് നൽകാനും നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് അപ്പീലുകൾ സെപ്തംബർ മൂന്നിന് പരിഗണിക്കാൻ മാറ്റി.

മുഖ്യമന്ത്രിയുടെ പേരുപറയാൻ ഇ.ഡി നിർബന്ധിക്കുന്നു എന്നാരോപിക്കുന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്നതും ഇതേകാര്യം പറഞ്ഞ് സന്ദീപ് നായർ ജയിലിൽനിന്ന് കോടതിക്ക് കത്തെഴുതിയതും കണക്കിലെടുത്താണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രണ്ടുകേസുകൾ രജിസ്റ്റർചെയ്തത്. എന്നാൽ കേന്ദ്രഅന്വേഷണ ഏജൻസിക്കെതിരെ ഇത്തരത്തിൽ കേസെടുക്കാൻ കഴിയില്ലെന്നാരോപിച്ച് ഇ.ഡിയുടെ കൊച്ചിയിലെ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ നൽകിയ ഹർജികളിൽ ഈ കേസുകൾ ഹൈക്കോടതി സിംഗിൾബെഞ്ച് റദ്ദാക്കുകയായിരുന്നു. 2021 ഏപ്രിൽ 16ലെ സിംഗിൾബെഞ്ചിന്റെ ഈ വിധി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഡിവിഷൻബെഞ്ചിൽ അപ്പീലുകൾ നൽകിയത്.