മുഖ്യമന്ത്രി രാജ്യസുരക്ഷയെ ബാധിക്കുന്ന വിധത്തിൽ പ്രവർത്തിച്ചു: സ്വപ്‌ന സുരേഷ്

Tuesday 02 August 2022 12:50 AM IST

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യസുരക്ഷയെ ബാധിക്കുന്നവിധത്തിൽ പ്രവർത്തിച്ചെന്ന ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ഇതിന്റെ തെളിവുകൾ വൈകാതെ പുറത്തുവിടുമെന്നും സ്വപ്‌ന കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി അധികാരം ഉപയോഗിച്ച് ഓഫീസ് ദുരുപയോഗം ചെയ്തു. ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനത്തിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായി. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മുഖ്യമന്ത്രിയുടെയും എം. ശിവശങ്കറിന്റെയും നിർദ്ദേശമനുസരിച്ച് ഷേയ്ഖിന്റെ യാത്രാറൂട്ട് താൻ മാറ്റി. കോഴിക്കോടായിരുന്നു ഷേയ്ഖ് എത്തേണ്ടിയിരുന്നത്. അതിന് രേഖകളുണ്ട്. തിരുവനന്തപുരത്തെ പരിപാടിയെക്കുറിച്ചോ ക്ലിഫ്ഹൗസ് സന്ദർശനത്തെക്കുറിച്ചോ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നില്ല.

സുരക്ഷാപ്രശ്‌നമുണ്ടാകുന്ന വിധമാണ് കാര്യങ്ങൾ നടന്നത്. മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തി. ഷാർജ ഭരണാധികാരിയുമായി ക്ലിഫ്ഹൗസിലെ അടച്ചിട്ടമുറിയിൽ ചർച്ചനടത്തിയത് മുഖ്യമന്ത്രിയുടെ മകൾ വീണാവിജയന്റെ ഐ.ടി ബിസിനസിന് വേണ്ടിയായിരുന്നു. മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയൻ എന്നിവരുമായി താൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഷേയ്ഖിന് എത്രസ്വർണം പാരിതോഷികമായി നൽകണമെന്ന് അന്ന് കമല വിജയൻ ചോദിച്ചു. തിരുവനന്തപുരത്തെ ലീലാപാലസിലെ സി.സി ടിവി ദൃശ്യം പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും സ്വപ്ന പറഞ്ഞു.

Advertisement
Advertisement