5ജി ലേലത്തിൽ 1.50 ലക്ഷം കോടി, ഒന്നാമൻ റിലയൻസ് ജിയോ

Tuesday 02 August 2022 12:00 AM IST

ന്യൂഡൽഹി: ടെലികോം സർവീസിനുള്ള 5ജി സ്‌പെക്‌ട്രം ലേലം പൂർത്തിയായപ്പോൾ കേന്ദ്ര സർക്കാർ സമാഹരിച്ചത് 1,50,173 കോടി രൂപ. ലേലം കൊണ്ടവരിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് റിലയൻസ് ജിയോയാണെന്ന് (88,078 കോടി രൂപ) ടെലികോം മന്ത്രി അശ്വിനി വൈഷ്‌ണോ പറഞ്ഞു.

എയർടെൽ 43,084 കോടി രൂപ മുടക്കി. വൊഡാഫോൺ-ഐഡിയ (വീ) കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും 18,784 കോടി രൂപയുടെ സ്‌പെക്‌ട്രത്തിനാണ് ശ്രമിച്ചത്. സ്വകാര്യ ആവശ്യത്തിന് സ്‌പെക്‌ട്രം തേടുന്ന അദാനി ഗ്രൂപ്പ് 212 കോടി രൂപയും ചെലവിട്ടു.

ഈ നാലുസ്ഥാപനങ്ങൾ മാത്രമാണ് ലേലത്തിൽ പങ്കെടുത്തത്. ലേലത്തിൽ സംബന്ധിച്ചവർക്ക് 20 വർഷത്തേക്കാണ് സ്‌പെക്‌ട്രം നൽകുന്നത്. തുക തവണകളായി ഓരോവർഷത്തിന്റെയും തുടക്കത്തിൽ അടയ്ക്കണം. മൊത്തം 4.3 ലക്ഷം കോടി രൂപ മതിക്കുന്ന 72 ജിഗാഹെട്‌സ് (72,078 എം.എച്ച്.ഇസഡ്) 5ജി സ്പെക്‌ട്രമാണ് കേന്ദ്രം ലേലത്തിന് വച്ചത്. ഇതിൽ 71 ശതമാനത്തിന് (51,236 എം.എച്ച്.ഇസഡ്) ആവശ്യക്കാരുണ്ടായെന്നും മന്ത്രി പറഞ്ഞു.

ഏഴു ദിവസമായി നടത്തിയ ലേലത്തിൽ, അവസാന ദിനമായ ഇന്നലെ ശക്തമായ മത്സരമുണ്ടായത് സുപ്രധാന ടെലികോം സർക്കിളായ ഉത്തർപ്രദേശ് ഈസ്‌റ്റിനായാണ്. യൂണിറ്റിന് 91 കോടി രൂപ മൂല്യമുള്ള 1800 എം.എച്ച്.ഇസഡ് എയർവേവിന്റെ വില ലേലം ഉഷാറായതോടെ കത്തിക്കയറിയത് യൂണിറ്റിന് 160.57 കോടി രൂപയിലേക്ക്.

കേന്ദ്രത്തിന്റെ കീശയിൽ

 5ജി ലേലം (2022) ................₹1.50 ലക്ഷം കോടി

 4ജി ലേലം (2021) ................ ₹77,815 കോടി

 3ജി ലേലം (2010)..................₹50,968.37 കോടി

5ജി

4ജിയേക്കാൾ പത്തിരട്ടി വേഗമാണ് 5ജിയുടെ സവിശേഷത. ടെലികോം, ആരോഗ്യം, വിദ്യാഭ്യാസം, ഐ.ടി., ഗെയിമിംഗ് തുടങ്ങിയ മേഖലകൾക്ക് 5ജി വലിയ കുതിപ്പാകും. മാസങ്ങൾക്കകം തന്നെ 5ജി സേവനം ഉപഭോക്താക്കൾക്ക് നൽകാനാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ.

Advertisement
Advertisement