കോൾ കർഷകരുടെ പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കും: മന്ത്രി പി. പ്രസാദ്

Tuesday 02 August 2022 12:51 AM IST


തൃശൂർ: സംസ്ഥാനത്തെ കോൾ കർഷകരുടെ പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ലാ കോൾ കർഷകസംഘം വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകർക്കുള്ള പമ്പിംഗ് സബ്‌സിഡി കുടിശ്ശിക ഉടൻ ലഭ്യമാക്കും. നെല്ലിന് കേന്ദ്രം വർദ്ധിപ്പിച്ച ഒരു രൂപ സംസ്ഥാനത്ത് നടപ്പാക്കുന്നത് പരിഗണിക്കും. കർഷകർക്ക് വർഷംതോറും നൽകിവരുന്ന റോയൽറ്റി 2000 രൂപയിൽ നിന്നും 3000 രൂപയായി വർദ്ധിപ്പിച്ചു. കൃഷിനാശം സംഭവിച്ച കർഷകർക്കായി അനുവദിച്ച 30 കോടി രൂപ ജൂൺ ഒന്നു മുതൽ വിതരണം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
വാർഷിക പൊതുയോഗം റവന്യൂമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. കോൾ കർഷകസംഘം പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ, സംഘം ഓർഗനൈസിംഗ് സെക്രട്ടറി മുരളി പെരുനെല്ലി എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു. എൻ.കെ. സുബ്രഹ്മണ്യൻ സ്വാഗതവും കെ.കെ. രാജേന്ദ്ര ബാബു നന്ദിയും പറഞ്ഞു.

Advertisement
Advertisement