മങ്കിപോക്സ് ബാധിച്ച് മരണം : ജാഗ്രതയിൽ തീരദേശം

Tuesday 02 August 2022 1:04 AM IST

തൃശൂർ: യു.എ.ഇയിൽ നിന്നെത്തി ചികിത്സയ്ക്കിടെ കുരഞ്ഞിയൂരിൽ യുവാവ് മരിച്ചത് മങ്കിപോക്‌സ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ തീരദേശത്ത് കനത്ത ജാഗ്രത. സമ്പർക്കപ്പട്ടികയിലെ 15 പേർ നിരീക്ഷണത്തിലായതോടെ കഴിഞ്ഞദിവസം പ്രതിരോധപ്രവർത്തനങ്ങളും രോഗവ്യാപനം തടയാനുള്ള നടപടികളും തദ്ദേശസ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചേർന്ന് ശക്തമാക്കി. രോഗം പുറത്തുപറയാതിരുന്നതാണ് അപകടരമായ സ്ഥിതിയിലേക്ക് നയിച്ചതെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. യുവാവിനെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ പോയവർ, ആശുപത്രിയിലെത്തിക്കാൻ ഒപ്പമുണ്ടായിരുന്നവർ എന്നിവർ അടക്കമാണ് നിരീക്ഷണത്തിലായത്. കൂട്ടുകാർക്കൊപ്പം ഫുട്ബാൾ കളിക്കാൻ പോയിരുന്നെന്ന വിവരം ലഭിച്ചതും ആശങ്കയ്ക്ക് ഇടയാക്കി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുവാവ് സഞ്ചരിച്ച വഴികളുടെ റൂട്ട്മാപ്പ് തയാറാക്കിയത്. യുവാവിന്റെ വീട് സ്ഥിതി ചെയ്യുന്ന വാർഡിലും സമീപ വാർഡിലും ആർ.ആർ.ടി വോളന്റിയർമാർ, ആരോഗ്യ പ്രവർത്തകർ, വാർഡ് അംഗങ്ങൾ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ എന്നിവരുടെ യോഗം ചേർന്നിരുന്നു.

പ്രതിരോധം

വന്യമൃഗങ്ങളുമായും അവയുടെ മൃതശരീരവുമായുള്ള സമ്പർക്കം ഒഴിവാക്കണം.
മൃഗങ്ങളുടെ മാംസം കഴിക്കുന്നതിന് മുമ്പ് നന്നായി വേവിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
രോഗം സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയവരെ പരിചരിക്കുന്നവരും മുൻകരുതലെടുക്കണം.

Advertisement
Advertisement