ബംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളിയായ എട്ടുവയസുകാരി മരിച്ചു; മാതാപിതാക്കൾ അതീവ ഗുരുതരാവസ്ഥയിൽ, ദുരൂഹതയെന്ന് ബന്ധുക്കൾ
ബംഗളൂരു: കീടനാശിനി ശ്വസിച്ച് മലയാളിയായ എട്ടുവയസുകാരി മരിച്ചു. കണ്ണൂർ സ്വദേശി വിനോദിന്റെ മകൾ അഹാനയാണ് മരിച്ചത്. ബംഗളൂരു വസന്ത് നഗറിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വാടക വീട് വൃത്തിയാക്കാനായി രണ്ട് ദിവസം മാറിനിൽക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതിനെ തുടർന്ന് കുടുംബം നാട്ടിൽ പോയിതിരിച്ചെത്തിയപ്പോഴായിരുന്നു സംഭവം. വീട്ടിലെത്തി രണ്ട് മണിക്കൂർ ഉറങ്ങിയ ശേഷം അസ്വസ്ഥതകൾ ഉണ്ടായെങ്കിലും യാത്രാ ക്ഷീണം കാരണമാകുമെന്നാണ് കരുതിയിരുന്നത്. തുടർന്ന് കുട്ടിയുടെ ആരോഗ്യനില വഷളായതോടെ ബന്ധുക്കളെത്തി മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരിച്ച കുട്ടിയുടെ പിതാവിന്റെ നിലയും അതീവഗുരുതരമാണ്. കീടനാശിനി പോലുള്ള വസ്തു ശ്വസിച്ചതാണ് മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകൂ എന്നും അവർ പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.