തുടയെല്ല് പൊട്ടിത്തരിപ്പണമായി, ബുള്ളറ്റ് തുളച്ച് വെളിയിൽ വന്നതടക്കം ശരീരത്തിൽ പത്തോളം മുറിവുകൾ: ആക്‌സൽ ഇനിയില്ല, കണ്ണീരിൽ കുതിർന്ന് ഇന്ത്യൻ പട്ടാളം
ഇക്കഴിഞ്ഞ ഞായറാഴ്‌ച ഇന്ത്യൻ ആർമിയെ സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്‌ടത്തിന്റെ ദിവസമായിരുന്നു. കാശ്‌മീരിലെ ബരാമുള്ള ജില്ലയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ആക്‌സൽ എന്ന തങ്ങളുടെ പ്രിയപ്പെട്ട നായയെ സൈന്യത്തിന് നഷ്‌ടമായി. ബെൽജിയൻ മാൽനോയിസ് ഇനത്തിൽപെട്ട ആക്‌സൽ, ഇന്ത്യൻ സൈന്യത്തിന്റെ ഡോഗ് സ്ക്വാഡിലെ മിടുക്കനായ അംഗമായിരുന്നു.
ഭീകരർ ഒളിച്ചിരുന്ന താവളം കൃത്യമായി കണ്ടെത്തിയത് ആക്‌സൽ ആയിരുന്നു. കെട്ടിടത്തിലേക്ക് കടന്ന ആക്‌സൽ ആദ്യഘട്ടം പൂർത്തിയാക്കി രണ്ടാമത്ത മുറിയിലേക്ക് കടന്നപ്പോഴാണ് ഭീകരരിൽ ഒരാൾ വെടിയുതിർത്തത്. ഏറെ ഗുരുതരമായിരുന്നു പരിക്കുകൾ. ശരീരത്തിൽ തുളച്ചുകയറിയ ബുള്ളറ്റ് പുറത്തേക്ക് പോയി. തുടയെല്ല് ഒടിയുകയും പത്തിലധികം മുറിവുകൾ ശരീരത്തിലുണ്ടായതായി പോസ്‌റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ആർമി ഓപ്പറേഷനുകളിൽ ഭീകരർ ഒളിച്ചിരിക്കുന്ന മുറികളിലേക്ക് ചെന്നുകയറുക എന്നത് വളരെ ദുഷ്‌കരമാണ്. ഈ ഘട്ടത്തിലാണ് ആക്‌സൽ തന്റെ ജീവൻ നൽകി സുരക്ഷിതമായി സൈനികർക്ക് വഴിയൊരുക്കിയത്. 29 രാഷട്രീയ റൈഫിൾസിന്റെ ഭാഗമായിരുന്ന ആക്‌സലിന്റെ ശവസംസ്‌കാരം എല്ലാ ബഹുമതികളോടും കൂടി സേനാ ആസ്ഥാനത്ത് നടന്നു.