ദുരിതമഴയ്ക്ക് അറുതിയില്ല.

Wednesday 03 August 2022 12:44 AM IST

കോട്ടയം . ദുരിതമഴയിൽ മൂന്നാം ദിവസവും പകച്ച് ജില്ല. നാശനഷ്ടം വർദ്ധിച്ചതിനൊപ്പം കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഈരാറ്റുപേട്ട മാർമലയിൽ വീണ്ടും ഉരുൾപൊട്ടി. ഉച്ചയ്ക്ക് ശേഷം കിഴക്കൻ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ പടിഞ്ഞാറൻ മേഖല മുങ്ങിത്തുടങ്ങി. തീക്കോയി മാർമലയിൽ ഇന്നലെ പുലർച്ചെയാണ് ഉരുൾപൊട്ടിയത്. ജനവാസ മേഖലയല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. മാർമല വെള്ളച്ചാട്ടത്തിലേയ്ക്കുള്ള റോഡ് പൂർണമായും തകർന്നു. മീനച്ചിലാർ കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് പാലാ നഗരത്തിന്റെ പല ഭാഗങ്ങളും മണിക്കൂറുകളോളം വെള്ളത്തിലായി. ഉച്ചയോടെയാണ് പാലായിലെ വെള്ളം പൂർണമായും ഇറങ്ങിയത്. റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഇന്നും മഴ ശക്തമായി തുടർന്നാൽ വ്യാപക നഷ്ടത്തിനിടയാക്കും. ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ 125.77മി.മീ മഴയാണ് രേഖപ്പെടുത്തിയത്. പകൽ മഴ ശമിച്ചതിനാൽ ദുരിതം കുറഞ്ഞു. കഴിഞ്ഞ ദിവസം കവിഞ്ഞൊഴുകിയ കൂട്ടിക്കൽ ചപ്പാത്തിലും മുണ്ടക്കയം കോസ്‌വേയിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് വെള്ളം കയറിയ പാലായിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വെള്ളം ഇറങ്ങിയത്. പാലായിൽ നിന്ന് കോട്ടയം, ഈരാറ്റുപേട്ട ഭാഗങ്ങളിലേക്കുള്ള ഗതാഗതം മണിക്കൂറുകളോളം നിലച്ചു.

Advertisement
Advertisement