സവാഹിരിയെ സംരക്ഷിച്ചത് ഹഖാനി ഭീകരർ

Wednesday 03 August 2022 12:50 AM IST

കാബൂൾ : അൽ ഖ്വയിദയുടെ തലവൻ അയ്‌മൻ അൽ സവാഹിരിക്ക് കാബൂളിൽ താവളമൊരുക്കിയതും സുരക്ഷയേകിയതും അഫ്ഗാനിസ്ഥാനിലെ കൊടും ഭീകര സംഘടനയായ ഹഖാനി നെറ്റ്‌വർക്കാണെന്ന് റിപ്പോർട്ട്. സവാഹിരിയുടെ വാസസ്ഥലം രഹസ്യമാക്കി വയ്ക്കാനും പുറത്ത് നിന്ന് ആരും കടക്കാതെ നോക്കാനും ഹഖാനി ഭീകരർ കാവലുണ്ടായിരുന്നു.

ഡ്രോൺ ആക്രമണത്തിൽ സവാഹിരി കൊലപ്പെട്ടതിന് പിന്നാലെ,

സവാഹിരി കാബൂളിലെ ആ വീട്ടിലുണ്ടായിരുന്ന വിവരം മറയ്ക്കാൻ ഹഖാനി നെറ്റ്‌വർക്ക് ശ്രമിച്ചു. താലിബാന്റെ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയുടെ അടുത്ത അനുയായിയുടെ ഉടമസ്ഥതയിലുള്ള വീടായിരുന്നു ഇത്. ആക്രമണത്തിന് പിന്നാലെ പ്രദേശമാകെ ഹഖാനി പ്രവർത്തകർ സീൽ ചെയ്തെന്നും ബൈഡൻ ഭരണകൂടത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു.

 എന്താണ് ഹഖാനി നെറ്റ്‌വർക്ക്?

 1970ൽ ജലാലുദ്ദീൻ ഹഖാനി സ്ഥാപിച്ച ഭീകര സംഘടന.

 സോവിയറ്റ് വിരുദ്ധ യുദ്ധത്തിലെ കമാൻഡറായിരുന്നു ജലാലുദ്ദീൻ. 2018ൽ മരിച്ചു. ശേഷം മകൻ സിറാജുദ്ദീൻ ഹഖാനി തലവനായി.

 1980കളിൽ സോവിയറ്റിനെതിരെയും 21ാം നൂറ്റാണ്ടിൽ യു.എസിന്റെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിനെതിരെയും അഫ്ഗാൻ ഭരണകൂടത്തിനെതിരെയും പ്രവർത്തിച്ചു

 അഫ്ഗാൻ - സോവിയറ്റ് യൂണിയൻ യുദ്ധത്തിൽ യു.എസിലെ റൊണാൾഡ് റീഗൻ ഭരണകൂടം പിന്തുണ നൽകിയ ഭീകര ഗ്രൂപ്പുകളിലൊന്നാണിത്

 പിൻകാലത്ത് ഒസാമ ബിൻ ലാദനുമായി കൂട്ടുകെട്ടുണ്ടാക്കി

 1995 മുതൽ താലിബാന്റെ ശാഖയായി പ്രവർത്തിക്കുന്നു

 വളരെ രഹസ്യ സ്വഭാവമുള്ള ഹഖാനി നെറ്റ്‌വർക്ക് 2001 - 2021 അഫ്ഗാൻ യുദ്ധകാലഘട്ടത്തിൽ മാരകമായ ബോംബാക്രമണങ്ങൾ നടത്തി

2008ൽ കാബൂൾ ഹോട്ടലിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് യു.എസ് ഹഖാനി നെറ്റ്‌വർക്കിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു

 പാക് സൈന്യവുമായി ബന്ധമുണ്ടെന്നും ആരോപണങ്ങളുണ്ട്.

 അഫ്ഗാൻ - പാക് അതിർത്തിയിലും കിഴക്കൻ അഫ്ഗാനിലും കേന്ദ്രീകരിച്ചിരിക്കുന്നു

 അൽ - ഖ്വയിദ, ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ തായിബ എന്നീ ഭീകര ഗ്രൂപ്പുകളുമായും ബന്ധം.

Advertisement
Advertisement