പമ്പിംഗ് പുനരാരംഭിച്ചിട്ടും വെള്ളംകുടി മുട്ടി

Wednesday 03 August 2022 12:17 AM IST

ആലപ്പുഴ : തകഴി ഫെഡറൽ ബാങ്കിന് സമീപം ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പിലുണ്ടായ ചോർച്ച പരിഹരിച്ച് പമ്പിംഗ് പുനരാരംഭിച്ചിട്ടും ആലപ്പുഴ നഗരത്തിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരമായില്ല.

തിങ്കളാഴ്ച വൈകുന്നേരം അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇന്നലെ പുലർച്ചെ മുതൽ പമ്പിംഗ് ശക്തമാക്കിയിട്ടും നഗരവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പദ്ധതിയുടെ പ്രധാന ലൈൻ കടന്നു പോകുന്ന തകഴിയിലെ ലെവൽ ക്രോസ് ഭാഗത്ത് റെയിൽവേയുടെ അനുമതി ആവശ്യമായതിനാൽ ഈ ഭാഗത്തെ ചോർച്ച ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇത് പമ്പിംഗിനെ ബാധിക്കുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

കരുമാടി പ്ലാന്റിൽ നിന്നുള്ള പമ്പിംഗിന്റെ ശക്തി കുറഞ്ഞത് മൂലമാണ് ജലക്ഷാമമെന്നാണ് കഴിഞ്ഞദിവസം വരെ വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെയും സ്ഥിതിക്ക് മാറ്റമില്ലാതെ തുടരുന്നതിനാൽ ഇനി ഏത് വാതിൽ മുട്ടണമെന്നറിയാത്ത അവസ്ഥയിലാണ് നഗരവാസികളും കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കളായ ആര്യാട് പഞ്ചായത്തിലെ ജനങ്ങളും. നഗരസഭയിലെ തിരുമല, പാലസ്, പള്ളാത്തുരുത്തി, തത്തംപള്ളി, കറുകയിൽ, ചാത്തനാട്, കരളകം, കാളാത്ത്, തുമ്പോളി എന്നിവിടങ്ങളിലാണ് ജലക്ഷാമം രൂക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ കുഴൽക്കിണർ ജലമാണ് പമ്പിംഗിന് ഉപയോഗിച്ചത്.

പെരുമഴ പെയ്യുന്ന കാലത്ത് പോലും പൈപ്പിൽ വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. പമ്പിംഗ് പുനരാരംഭിച്ചെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും, വീടുകളിൽ ലഭിക്കുന്നില്ല. ചെളി കലർന്ന് കിടക്കുന്നതിനാൽ ആറ്റിലെ വെള്ളം ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്

- സി.കെ.ബാലു, തിരുമല വാർഡ് നിവാസി

മഴ ചതിച്ചു ; പൈപ്പ് മാറ്റൽ നീളുന്നു

ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ഗുണനിലവാരമില്ലാത്ത പൈപ്പുകൾ മാറ്റി പകരം പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി ഇന്നലെയും പുനരാരംഭിക്കാനായില്ല. മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാലാണ് പ്രവൃത്തി നീണ്ടുപോകുന്നത്. തൊഴിലാളികൾ കുഴിയിൽ ഇറങ്ങി നിന്ന് വലിയ സ്റ്റീൽ പൈപ്പുകൾ വെൽഡ് ചെയ്യേണ്ടതുണ്ട്. എന്നാൽ, കുഴിയിൽ മഴവെള്ളം നിറയുന്നതിനാൽ ഈ ജോലി പൂർത്തീകരിക്കാനാവില്ല. ജില്ലയ്ക്കുള്ള മഴ മുന്നറിയിപ്പ് മാറിയ ശേഷമേ പൈപ്പുകൾ മാറ്റുന്ന ജോലി തുടരാൻ കഴിയുകയുള്ളൂ. കേളമംഗലം മുതൽ തകഴി റെയിൽവേ ക്രോസ് വരെയുള്ള 1520 മീറ്ററിലെ ശേഷിക്കുന്ന 700 മീറ്റർ പൈപ്പാണ് മാറ്റാനുള്ളത്. സെപ്തംബർ 5നകം പണി പൂർത്തിയാക്കണമെന്നാണ് ഉദ്യോഗസ്ഥർ കരാറുകാരന് നൽകിയിരിക്കുന്ന നിർദ്ദേശം.

Advertisement
Advertisement