മയക്കുമരുന്നും ലഹരി ഗുളികകളുമായി മൂന്നുപേർ പിടിയിൽ

Wednesday 03 August 2022 2:00 AM IST

വിഴിഞ്ഞം:മയക്കുമരുന്നും ലഹരി ഗുളികകളുമായി മൂന്നുപേർ കോവളത്ത് പിടിയിലായി. വിദേശ ഇനം പൂച്ചകളുടെ കച്ചവടത്തിനെന്ന പേരിൽ കോവളത്ത് ഹോട്ടലിൽ മുറിയെടുത്തു താമസിക്കുകയായിരുന്ന ഇവരെ രഹസ്യ വിവരത്തെ തുടർന്നാണ് കോവളം പൊലീസ് പിടികൂടിയത്. ആൾസെയിന്റ്സ് നിസാം മൻസിലിൽ അനസ്(23),പൂന്തുറ മാണിക്യവിളാകം ആസാദ് നഗർ പുതുവൽ പുത്തൻവീട്ടിൽ നിസാം(26),തൊടുപുഴ കൊടിക്കുളം കൊട്ടോടി വീട്ടിൽ ജിൻസൺ ജോസ്(28) എന്നിവരാണ് അറസ്റ്റിലായത്.ഇവരിൽ നിന്ന് 9 ഗ്രാം മെഫ്താഫെറ്റമിൻ,രണ്ട് സ്ട്രിപ് നൈട്രാസെപാം ഗുളികകളും പിടിച്ചെടുത്തതായി കോവളം എസ്.എച്ച്.ഒ ജി.പ്രൈജു അറിയിച്ചു. മൂന്നംഗ സംഘത്തിലെ അനസ് തുമ്പ,വലിയതുറ സ്റ്റേഷനുകളിലായി മയക്കുമരുന്നുൾപ്പെടെ പത്തോളം കേസുകളിലെ പ്രതിയാണ്.വലിയതുറ സ്റ്റേഷനിലെ ഗുണ്ടാ പട്ടികയിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.പൊലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കും.

Advertisement
Advertisement