കന്നേഗണ്ടി ഹനുമന്തു

Wednesday 03 August 2022 12:00 AM IST

ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ രക്തസാക്ഷിത്വം വരിച്ച സ്വാതന്ത്ര്യസമര സേനാനി. പൽനാട് പ്രക്ഷോഭത്തിന്റെ അമരക്കാരൻ. നിസഹകരണ പ്രസ്ഥാനത്തിലെ പോരാളി. വിവിധ തവണ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ പേരിൽ അറസ്റ്റു ചെയ്യപ്പെട്ടു. 'പൽനാട് പുലി' എന്നറിയപ്പെടുന്നു.
1870 ൽ ആന്ധ്രപ്രദേശിലെ പൽനാട് മിഞ്ചാലപ്പാട് ഗ്രാമത്തിൽ ജനനം. ചെറുപ്പത്തിൽ തന്നെ ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു. ഗാന്ധിയൻ ആദർശങ്ങളിൽ ആകൃഷ്ടനായിരുന്നു. കർഷകനായിരുന്ന അദ്ദേഹം കന്നുകാലികളെ മേയ്ക്കാനും വനങ്ങളിൽ നിന്ന് വിറക് ശേഖരിക്കാനും കർഷകരുടെമേൽ ബ്രിട്ടീഷുകാർ ചുമത്തിയിരുന്ന അനാവശ്യ നികുതിക്കെതിരെയും സത്യഗ്രഹം നടത്തി. ഇതാണ് പുല്ലരി സത്യഗ്രഹം എന്നറിയപ്പെടുന്നത്. ജനങ്ങളുടെ പൂർണ പിന്തുണയോടെ ബ്രിട്ടീഷ് തന്ത്രങ്ങളെ നേരിടാൻ ഹനുമന്തുവിന് കഴിഞ്ഞു. സമരങ്ങളിൽ നിന്ന് പിൻവാങ്ങാൻ പല വാഗ്ദാനങ്ങളും ബ്രിട്ടീഷുകാർ മുന്നോട്ടുവച്ചെങ്കിലും ഹനുമന്തു നിരസിച്ചു. 1921 മുതൽ 1922 വരെ നല്ലമല്ല കുന്നുകളിലെ ഗോത്രവിഭാഗക്കാരെ ഒന്നിപ്പിച്ച് ബ്രിട്ടീഷുകാർക്കെതിരെ പോരാടി. നികുതി അടയ്ക്കാത്തതിനാൽ ബ്രിട്ടീഷുകാർ മിഞ്ചാലപ്പാട് ഗ്രാമത്തിൽ കൂട്ടക്കൊല നടത്തിയപ്പോൾ അതിനെതിരെ പ്രതിരോധം തീർത്ത ഹനുമന്തുവിനെ അവർ പിടികൂടി. ദിവസങ്ങളോളം ക്രൂരപീഡനങ്ങൾക്ക് ഇരയാക്കി. ഇതിനെത്തുടർന്ന് വീരമൃത്യു. ആദരസൂചകമായി ഹനുമന്തുവിന്റെ പ്രതിമ അദ്ദേഹത്തിന്റെ ഗ്രാമത്തിൽ സ്ഥാപിച്ചിട്ടുണ്ട്.

Advertisement
Advertisement