പലവ്യഞ്ജന വിപണിയിൽ വിലയേറ്റം

Wednesday 03 August 2022 12:33 AM IST

കൊല്ലം: ഓണം എത്താറായതോടെ പലവ്യഞ്ജന വിപണിയിൽ പല ഇനങ്ങളുടെയും വില ഉയർന്ന് തുടങ്ങി. സർക്കാരിന്റെ ഓണക്കിറ്റ് ഓണത്തിന് മുമ്പ് കിട്ടിയില്ലെങ്കിൽ വില വീണ്ടും കുതിച്ചുയരാൻ സാദ്ധ്യതയുണ്ട്.

മുളക്, മല്ലി, പയർ, ശർക്കര, റോസ് അരി തുടങ്ങിയ ഇനങ്ങളുടെ വിലയാണ് സമീപദിവസങ്ങളിൽ വർദ്ധിച്ചത്. ലഭ്യതക്കുറവാണ് വിലവർദ്ധനവിന്റെ കാരണമായി പറയുന്നത്. ഉപഭോഗം കുറഞ്ഞതിനാൽ ജയ അരി വിലയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ കാര്യമായ വ്യതിയാനം ഉണ്ടായിട്ടില്ല. 47 മുതൽ 48 വരെയാണ് ജയ അരിയുടെ ഇപ്പോഴത്തെ മൊത്തിവില. ചില്ലറ വിപണിയിൽ അത് 51 രൂപ വരെ ആയിട്ടുണ്ട്.

മൂന്ന് വർഷം മുമ്പ് ജില്ലയിൽ എത്തിത്തുടങ്ങിയ കാശ്മീരി ‌ഡപ്പ മുളകിന്റെ വിലയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഉയർന്നിരിക്കുന്നത്. നല്ല നിറവും കാര്യമായ ഏരിവും ഇല്ലാത്ത ഈ മുളകിന്റെ വിലയിൽ 105 രൂപയുടെ വർദ്ധനവാണ് ഒരുമാസത്തിനിടയിൽ ഉണ്ടായത്. മൂന്ന് വർഷം മുമ്പ് 10 ചാക്ക് എത്തിയിരുന്നിടത്ത് ഇപ്പോൾ 650 ചാക്ക് കാശ്മീരി ഡപ്പ മുളക് ജില്ലയിലേക്ക് എത്തുന്നുണ്ട്.

ഇനം, ഇപ്പോഴത്തെ മൊത്തവില, ഒരുമാസം മുമ്പുള്ള വില

കാശ്മീരി ഡപ്പ മുളക് - ₹ 505, ₹ 400

മംഗലാപുരം കാശ്മീരി മുളക് - ₹ 420, ₹ 300

ഗുണ്ടൂർ പാണ്ടി മുളക് - ₹ 300, ₹ 275

മല്ലി - ₹ 145, ₹ 140

പയർ - ₹ 100-105, ₹ 90-95

ശർക്കര - ₹ 45, ₹ 42-43

റോസ് അരി (ഉണ്ട) - ₹ 37, 35

റോസ് അരി (വടി) - ₹ 47, 45

25 കിലോ പായ്ക്കറ്റുകൾ മറയുന്നു

25 കിലോ വരെയുള്ള പായ്കറ്റ് ഭക്ഷ്യസാധനങ്ങൾക്ക് 5 ശതമാനം ജി.എസ്.ടി ഏർപ്പെടുത്താൻ തീരുമാനിച്ചതിന് പിന്നാലെ ഭക്ഷ്യവസ്തുക്കളുടെ പായ്ക്കറ്റുകളുടെ അളവിൽ വലിയ മാറ്രം വന്നുതുടങ്ങി. 25 കിലോ പായ്ക്കറ്റുകളിലെത്തിയിരുന്ന മൈദയും പയറും 30 കിലോയിലേക്ക് മാറി. 10 കിലോ പായ്കറ്റ് പരമാവധി കുറച്ച് 30 കിലോ പായ്ക്കറ്റ് ഇറക്കാനുള്ള ഒരുക്കത്തിലാണ് അരി മില്ലുകൾ.

സപ്ലൈകോയിൽ കച്ചവടം വർദ്ധിച്ചു

ജയ അരിയുടെ അടക്കം പൊതുവിപണിയിൽ വില കുത്തനെ ഉയർന്നതോടെ സപ്ലൈകോ ഔട്ട്ലൈറ്റുകളിലെ കച്ചവടം കഴിഞ്ഞമാസം കുത്തനെ ഉയർന്നു. സൂപ്പർ മാർക്കറ്റുകളിലും സപ്ലൈകോ ബസാറുകളിലും 35 ലക്ഷം രൂപയായിരുന്നു നേരത്തെയുള്ള ശരാശരി കച്ചവടം. കഴിഞ്ഞമാസം ഏഴ് ലക്ഷം രൂപയുടെ വരെ വർദ്ധനവാണ് ഉണ്ടായത്. മാവേലി സ്റ്റോറുകളിലെ കച്ചവടത്തിൽ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റിലേക്കുള്ള ഇനങ്ങൾ ഇന്ന് മുതൽ സപ്ലൈകോയുടെ വിവിധ പായ്ക്കിംഗ് കേന്ദ്രങ്ങളിലെത്തും. മൂന്ന് ദിവസത്തിനുള്ളിൽ പായ്ക്കിംഗ് തുടങ്ങനാകുമെന്നാണ് കണക്കുകൂട്ടൽ.

സപ്ളൈകോ അധികൃതർ

Advertisement
Advertisement