വിമാനത്തിൽ നിന്ന് 3,500 അടി താഴ്ചയിലേക്ക് വീണു: 23കാരന് ദാരുണാന്ത്യം

Wednesday 03 August 2022 4:31 AM IST

ന്യൂയോർക്ക് : എമർജൻസി ലാൻഡിംഗിന് തൊട്ടുമുമ്പ് ചെറുവിമാനത്തിൽ നിന്ന് പുറത്ത് വീണ 23കാരനായ കോ - പൈലറ്റിന് ദാരുണാന്ത്യം. യു.എസിലെ നോർത്ത് കാരലീനയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. വലത് വീൽ നഷ്ടമായതോടെ റാലി - ഡർഹം എയർപോർട്ടിലെ പുൽമേട്ടിലേക്ക് എമർജൻസി ലാൻഡിംഗ് നടത്തിയ ഇരട്ട എൻജിൻ സി.എ.എസ്.എ സി.എൻ - 212 ഏവിയോകാർ വിമാനത്തിലെ കോ - പൈലറ്റായ ചാൾസ് ഹ്യൂ ക്രൂക്ക്‌സ് ആണ് മരിച്ചതെന്ന് യു.എസിലെ ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ അറിയിച്ചു.

ഇദ്ദേഹത്തിന്റെ മൃതദേഹം വിമാനത്താവളത്തിന് തെക്ക് 48 കിലോമീറ്റർ അകലെയുള്ള ഒരു വീടിന്റെ പിൻഭാഗത്ത് നിന്നാണ് ലഭിച്ചത്. അതേ സമയം, വിമാനത്തിനുള്ളിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്രൂക്ക്‌സ് മാത്രം എന്ത് കൊണ്ട് കോക്ക്‌പിറ്റിന് പുറത്തെത്തിയെന്ന് വ്യക്തമല്ല. ഇയാൾ മനഃപൂർവം ചാടിയതാണോ അതോ വീണതാണോ എന്നും സ്ഥിരീകരിച്ചിട്ടില്ല. ഇയാൾ പാരഷൂട്ട് ഉപയോഗിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. എമർജൻസി ലാൻഡിംഗിന് മുന്നേ ക്രൂക്ക്‌സ് വിമാനത്തിൽ നിന്ന് ചാടിയതായി പൈലറ്റ് മൊഴി നൽകിയെന്ന് സൂചനയുണ്ട്. ഏകദേശം 3,500 അടി ഉയരത്തിൽ നിന്നാണ് ക്രൂക്ക്‌സ് താഴേക്ക് വീണത്.

Advertisement
Advertisement