യുവാവിനെ ലോഡ്‌ജിലെത്തിച്ച് നഗ്നനാക്കി ഷോക്കടിപ്പിച്ചു, ജനനേന്ദ്രിയം കൈകൊണ്ട് ഞെരിച്ചു, മൂന്ന് പേർ പിടിയിൽ
വിഴിഞ്ഞം: യുവാവിനെ ലോഡ്ജിലെത്തിച്ച് മർദ്ദിക്കുകയും നഗ്നനാക്കി ഷോക്കടിപ്പിക്കുകയും ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വാഴമുട്ടം സ്വദേശികളായ സുഹൃത്തുക്കളുമായ ഫിറോസ് (35), സജീർ (40), മനു(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നഗ്നഫോട്ടോ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് തിരുവല്ലം എസ്.ഐ സതീഷ് പറഞ്ഞു. വാഴമുട്ടം മഞ്ചുനിവാസിൽ മൻമദനെയാണ് (38) ലോഡ്ജിൽ കൂട്ടിക്കൊണ്ട് പോയി മർദിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രതികളുടെ വീടിന് സമീപത്തുള്ള പുരയിടത്തിൽ മൻമദൻ മാലിന്യമിട്ടു. ഇത് ഭക്ഷിക്കാനെത്തിയ നായ്ക്കൾ പ്രതികളുടെ വീട്ടിലെത്തി ആടുകളെ ആക്രമിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് സംഭവങ്ങൾക്ക് പിന്നിൽ.
സൗഹൃദം നടിച്ചെത്തിയ പ്രതികൾ മൻമദനെ അനുനയിച്ച് ജീപ്പിൽ കയറ്റി മനുവിന്റെ ഉടമസ്ഥതയിലുള്ള കഴക്കൂട്ടത്തെ ലോഡ്ജിലെത്തിച്ചായിരുന്ന ക്രൂരമായി പീഡിപ്പിച്ചത്. മർദ്ദിക്കുകയും വിവസ്ത്രനാക്കിയ ശേഷം കൈയിൽ ഷോക്കടിപ്പിക്കുകയും കൈകൊണ്ട് ജനനേന്ദ്രിയം ഞെരിക്കുകയും ചെയ്ത ശേഷം പ്രതികൾ മൻമദനെ തിരികെ വീട്ടിലെത്തിച്ചു.
മൻമദന് ഇന്നലെ ശാരീരീക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജിലെത്തി ചികിത്സ തേടി. തുടർന്ന് തിരുവല്ലം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ വധശ്രമത്തിനും സമൂഹമാദ്ധ്യങ്ങളിൽ യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചതിനും തിരുവല്ലം പൊലീസ് കേസെടുത്തു. എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ, എസ്.ഐ കെ.ആർ.സതീഷ്, ഗ്രേഡ് എസ്.ഐ സതീഷ് കുമാർ, സിനീയർ സി.പി.ഒ ബിജു, ഷൈജു എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.