അന്ധകാരത്തിൽ നിന്ന് രക്ഷിക്കുന്ന പ്രകാശം, ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര; 'ദേവാ ദേവാ' ഗാനത്തിന്റെ ടീസർ കാണാം

Thursday 04 August 2022 12:22 PM IST

രൺബീർ കപൂർ, ആലിയ ബട്ട് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍: ശിവ'. ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറും ട്രെയിലറുമൊക്കെ നേരത്തെ ശ്രദ്ധ നേടിയിരുന്നു. അമിതാഭ് ബച്ചൻ, നാഗാർജുന എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.

ഇപ്പോഴിതാ 'ദേവാ ദേവാ' എന്ന ഗാനത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തക‌ർ. ഓഗസ്റ്റ് എട്ടിന് മുഴുവൻ ഗാനം പുറത്തിറക്കും. 'ബ്രഹ്‍മാസ്‍ത്ര' ഇന്ത്യൻ സിനിമയിലെ ഒരു ദൃശ്യവിസ്‌മയമായി മാറുമെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിലെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.

അയൻ മുഖര്‍ജി സംവിധാനം ചെയ്യുന്ന 'ബ്രഹ്‍മാസ്‍ത്ര' സെപ്‌തംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ എത്തുക. മൂന്ന് ഭാഗങ്ങളായിട്ട് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ദക്ഷിണേന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകൻ എസ്.എസ്. രാജമൗലിയാണ്.

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ രാജമൗലി ഈ ചിത്രം തിയറ്ററുകളിലെത്തിക്കും. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്‌ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.