ചാക്കോച്ചൻ ഗംഭീരമായി ഡാൻസ് ചെയ്‌തു; 'ദേവദൂതർ പാടി' എന്ന ഗാനം ജനങ്ങളുടെ മനസിൽ നിന്ന് മായാതെ നിൽക്കാൻ കാരണം സംഗീത സംവിധായകനായ ഞാനല്ല, അത് മറ്റൊരാളാണ്

Thursday 04 August 2022 2:43 PM IST

ഒട്ടനവധി ക്ലാസിക് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് ഭരതൻ. അദ്ദേഹത്തിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. തൃശൂർ വച്ച് നടന്ന ഭരതൻ അനുസ്‌മര ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാൻ ഇന്ന് നിങ്ങളുടെ മുന്നിൽ നിൽക്കാൻ നൂറ് ശതമാനം കാരണക്കാരനായ വ്യക്തിയുടെ അനുസ്‌മരണച്ചടങ്ങിലാണ് ഇപ്പോൾ നിൽക്കുന്നത്. ഏറ്റവും കൂടുതൽ ക്ലാസിക്കുകൾ സ്വന്തമായിട്ടുള്ളത് ഭരതേട്ടനാണെന്നാണ് എന്റെ വിശ്വാസം.

ഭരതേട്ടനിലൂടെ 'ആരവം' എന്ന ചിത്രത്തിൽ ഞാനും ജോൺസനും സംഗീത സംവിധായകന്മാരായി. ചിത്രത്തിൽ ഞാൻ വായിച്ച ഒരു ബിറ്റിൽ ഒരു പാട്ടുണ്ടെന്ന് കണ്ടുപിടിച്ചത് ഭരതേട്ടനാണ്. അതിലൊരു പാട്ടുണ്ടെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ആ ബിറ്റിൽ നിന്നാണ് 'ദേവദൂതർ പാടി' എന്ന ഗാനം ഉണ്ടാക്കുന്നത്.

ഭരതേട്ടൻ ആ പാട്ട് ജനങ്ങളുടെ മനസിലേക്ക് എത്തുന്ന രീതിയിൽ അവതരിപ്പിച്ചു. അങ്ങനെ ജനങ്ങളുടെ മനസിൽ നിന്ന് മായാത്തൊരു പാട്ടായതിനാലാണ് ചാക്കോച്ചൻ ഡാൻസ് ചെയ്‌തപ്പോൾ ഇഷ്‌ടപ്പെട്ടത്. ചാക്കോച്ചൻ നന്നായി ചെയ്‌തു. ആ പാട്ടിനെപ്പറ്റി പറയുമ്പോൾ എന്റെ പേര് വേണ്ട, പക്ഷേ ഭരതേട്ടന്റെ പേര് പറയണം. ചാക്കോച്ചൻ വളരെ ഗംഭീരമായി ചെയ്‌തിട്ടുണ്ട്'- ഔസേപ്പച്ചൻ പറഞ്ഞു.