നൈജീരിയൻ തട്ടിപ്പിന്റെ ചുരുളഴിക്കാൻ ഉറപ്പിച്ച് കേരളാ പൊലീസ്, റിമാൻഡിൽ കഴിയുന്ന വിദേശ പൗരനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഹർജി നൽകി
കാസർകോട്: ബംഗളുരുവിലെ നൈജീരിയൻ കോളനിയിൽ നിന്ന് കാസർകോട് പൊലീസ് പൊക്കിയ നൈജീരിയൻ കുറ്റവാളിയുടെ തട്ടിപ്പുകളെ കുറിച്ച് വിശദമായി അന്വേഷിക്കാൻ അന്വേഷണ സംഘം. കാസർകോട് വിദ്യാനഗർ സ്വദേശിയെ കബളിപ്പിച്ച് ഓൺലൈൻ മരുന്ന് ഇടപാടിലൂടെ 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിന് പുറമെ ഗുജറാത്തിൽ സമാന സംഘത്തെ പിടികൂടിയ കേസിലും ഇയാൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.
വിദേശ രാജ്യങ്ങളിലെല്ലാം സംഘത്തിന് ഏജന്റുമാർ ഉണ്ടെന്നാണ് പൊലീസ് നിഗമനം. കാസർകോട് കേസിൽ റിമാൻഡിൽ കഴിയുന്ന നൈജീരിയൻ പൗരൻ ആന്റണി ഒഗെനെറോബോ എഫിദേയെ കസ്റ്റഡിയിൽ വിട്ട് കിട്ടുന്നതിന് കാസർകോട് പൊലീസ് കോടതിയിൽ ഹരജി നൽകി. മുൻ ബാങ്ക് ഉദ്യോഗസ്ഥൻ വിദ്യാനഗർ ജേണലിസ്റ്റ് കോളനിയിലെ കെ.മാധവന്റെ പണം തട്ടിയ കേസിലാണ് ആന്റണി അറസ്റ്റിലായത്. കാസർകോട് സി.ഐ പി.അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ബംഗളൂരുവിൽ വച്ച് ഇവരുടെ കോളനിയിൽ നിന്ന് പുറത്തുചാടിച്ച് ആന്റണിയെ പിടിച്ചത്. ഇയാളുടെ യഥാർത്ഥ പേര് സംബന്ധിച്ചും വ്യക്തത വരുത്താനുണ്ട്. സംഘത്തിൽ മലയാളികളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
തട്ടിപ്പിന് പിന്നിൽ അഞ്ചംഗസംഘം
ആന്റണി ഉൾപ്പെടെ അഞ്ചു പേരാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഫേസ് ബുക്കിലൂടെ പരിചയപ്പെടുത്തുന്ന ഒരു സ്ത്രീ ഉൾപ്പെട്ട സംഘമാണ് തട്ടിപ്പ് നടത്തിയത്. സ്ത്രീയാണ് പലരുമായി സുഹൃദം സ്ഥാപിച്ചു സംഘത്തിലേക്ക് ആകർഷിക്കുന്നത്. ഈ സംഘം നിരവധി പേരെ കബളിപ്പിച്ച് കോടികൾ തട്ടിയതായാണ് വിവരം. എന്നാൽ പലരും പരാതി നൽകിയിട്ടില്ല. തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനും സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തുന്നതിനും ആന്റണിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്ന് പൊലീസ് പറഞ്ഞു.