''ഡിജിപി അനിൽകാന്തിന് ഒരു കോടി രൂപയുടെ ഓൺലൈൻ ലോട്ടറി അടിച്ചു'', സന്ദേശമെത്തിയത് അദ്ധ്യാപികയുടെ ഫോണിൽ

Friday 05 August 2022 11:19 AM IST

തിരുവനന്തപുരം: 'ഇത് ചീഫ് സെക്രട്ടറിയാണ്, ഒരു അത്യാവശ്യമുണ്ട്. മുപ്പതിനായിരം രൂപ കടമായി അയച്ചുതരുമോ?' വാട്സാപ്പിൽ സന്ദേശമെത്തിയതിന് പിന്നാലെ, സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ തുക ഗൂഗിൾപേ വഴി അയച്ചു. വാട്സാപ്പ് നമ്പരിലെ പ്രൊഫൈൽ ചിത്രം ചീഫ് സെക്രട്ടറി വി.പി. ജോയിയുടേതായിരുന്നു. പണം പോയത് നാഗാലാൻഡിലെ തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക്.

സംഗതി നിസാരമല്ല. മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പൊലീസ് മേധാവി, ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ, സിനിമാതാരങ്ങൾ, മാദ്ധ്യമപ്രവർത്തകർ എന്നിങ്ങനെ പ്രമുഖരുടെ പേരിൽ വ്യാജവാട്സാപ്പുണ്ടാക്കി പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഇതുവരെ ഒരു ഡസൻ കേസുകളായി.

മുഖ്യമന്ത്രിയുടെയും ഡി.ജി.പി അനിൽകാന്തിന്റെയും ചീഫ് സെക്രട്ടറിയുടെയും പേരിൽ രണ്ടു തവണ വീതം വ്യാജപ്രൊഫൈലുണ്ടാക്കി തട്ടിപ്പിന് ശ്രമിച്ചു. ആദ്യം മുഖ്യമന്ത്രിയുടെ വ്യാജ പ്രൊഫൈലുണ്ടാക്കിയത് കോയമ്പത്തൂർ സ്വദേശി ഗണേശന്റെ ഫോൺ ഹാക്ക് ചെയ്തായിരുന്നു. ഗണേശനെ പൊക്കി തിരുവനന്തപുരത്തെത്തിച്ച് ഫോൺ പരിശോധിച്ച പൊലീസ് ഞെട്ടി. ഇന്റർനെറ്റ് ഇല്ലാത്ത ബേസ് മോഡൽ ഫോണായിരുന്നു അത്. ഗണേശന്റെ നമ്പർ ഹാക്ക് ചെയ്ത് ഉത്തർപ്രദേശിലെ തട്ടിപ്പുകാരാണ് വ്യാജ വാട്സാപ്പുണ്ടാക്കിയത്.

രണ്ടാം തട്ടിപ്പ് ബുധനാഴ്ചയായിരുന്നു. തട്ടിപ്പുകാരൻ അരുണാചൽ സ്വദേശി.

ചീഫ്സെക്രട്ടറിയുടെ വ്യാജപ്രൊഫൈലുണ്ടാക്കിയ സിംകാർഡെടുത്തത് മിസോറാമിലെ എഴുപതുകാരിയുടെ പേരിൽ. മന്ത്രി പി. രാജീവിന്റെ പരാതിയിലെ അന്വേഷണം ചെന്നെത്തിയത് നാഗാലാൻഡിലെ അറുപതുകാരനിൽ. തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘങ്ങളാണ്. നൈജീരിയൻ തട്ടിപ്പുകാരും ഇവരെ സഹായിക്കുന്നുണ്ടെന്ന് സൈബർപൊലീസ് പറയുന്നു.

തട്ടിപ്പിന്റെ രീതി

1)സാധാരണക്കാരുടെ ഫോൺനമ്പർ ഹാക്ക് ചെയ്തോ, അവരുടെ പേരിലെടുത്ത സിംകാർഡുപയോഗിച്ചോ ആണ് തട്ടിപ്പ്.

2)സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് പ്രമുഖരുടെ ചിത്രമെടുത്ത് വ്യാജപ്രൊഫൈലുണ്ടാക്കും

3)സർക്കാർ വെബ്സൈറ്റിൽ നിന്നാണ് ഉദ്യോഗസ്ഥരുടെ ഫോൺനമ്പറെടുത്തത്.

4)മൂന്നുദിവസത്തിന് ശേഷം നമ്പർ ഉപേക്ഷിക്കും.

ശ്രദ്ധിക്കാൻ

പ്രൊഫൈൽ ചിത്രം കണ്ട് പണം അയയ്ക്കരുത്

ഫോൺനമ്പർ പരിശോധിക്കണം

ട്രൂ കാളർ പോലുള്ള സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചാൽ ഏത് സംസ്ഥാനത്തെ നമ്പറാണെന്നറിയാം

സൈബർപൊലീസിൽ അറിയിച്ചാൽ, നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക്അക്കൗണ്ട് മരവിപ്പിക്കാം

'ഡി.ജി.പിക്ക് ഒരുകോടിയുടെ ലോട്ടറിയടിച്ചു '

ഡി.ജി.പി അനിൽകാന്തിന് ഒരു കോടി രൂപയുടെ ഓൺലൈൻ ലോട്ടറി അടിച്ചെന്നും സമ്മാനത്തുക ലഭിക്കാൻ നികുതി നൽകണമെന്നും വാട്സാപ് സന്ദേശമയച്ചാണ് കുണ്ടറയിലെ അദ്ധ്യാപികയുടെ 14ലക്ഷം തട്ടിയത്. അസാം സ്വദേശിയുടെ ഫോൺനമ്പരിൽ വ്യാജവാട്സാപ്പുണ്ടാക്കിയായിരുന്നു തട്ടിപ്പ്. നൈജീരിയക്കാരൻ റൊമാനസ് ക്ലിബൂസനെ ഡൽഹിയിൽ നിന്ന് പിടികൂടി.

Advertisement
Advertisement