ധമാക്കയിലെയും ബ്രോ ഡാഡിയിലെയും കണ്ടന്റ് ഏകദേശം സെയിമാണ്; അവർ ചെയ്യുമ്പോൾ ആഹാ, നമ്മൾ ചെയ്യുമ്പോൾ ഓഹോ എന്നാണ്
ഒമർ ലുലുവിന്റെ പുതിയ ചിത്രമാണ് 'നല്ല സമയം'. സിനിമ ഒടിടിയിൽ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഷൂട്ട് തുടങ്ങിക്കഴിഞ്ഞപ്പോൾ ഇത് തീയേറ്ററിൽ റിലീസ് ചെയ്യാനുള്ള സംഭവമുണ്ടല്ലോ എന്ന് തോന്നിയെന്നും, തീയേറ്റർ റിലീസാണ് ഇപ്പോൾ പ്ലാൻ ചെയ്തിരിക്കുന്നതെന്നും അണിയറപ്രവർത്തകർ പറഞ്ഞു.
'ഒമർ ലുലു പടത്തിൽ എന്തൊക്കെയാ നിങ്ങൾ പ്രതീക്ഷിക്കുന്നത്? ഡബിൾ മീനിംഗ്, പാട്ട്, ഡാൻസ് ഇതെല്ലാമുണ്ടാകും. ബ്രോ ഡാഡിയിലെയും ധമാക്കയിലെയുമൊക്കെ കണ്ടന്റ് ഏകദേശം ഒന്നാണ്. പിന്നെ ജഗതിച്ചേട്ടന്റെ മറ്റേ ട്രോളിൽ പറയുന്നത് പോലെ അവർ ചെയ്യുമ്പോൾ ആഹാ നമ്മൾ ചെയ്യുമ്പോൾ ഓഹോ.'- ഒമർ ലുലു പറഞ്ഞു.
'സാറ്റ്‌ലൈറ്റ് എന്ന് പറയുന്ന സാധനം കൊണ്ടാണ് മലയാള സിനിമ നശിച്ചത്. വലിയ വലിയ ബിസിനസ് സാദ്ധ്യതകൾ കണ്ട് സിനിമ ചെയ്യുന്നു. ബാബു ആന്റണി ചേട്ടനെ വച്ച് പവർസ്റ്റാർ ചെയ്യാൻ നിർമാതാവിനെ തപ്പിയ കഷ്ടപ്പാട് എനിക്കേ അറിയൂ. സ്റ്റാറുകളില്ലാത്ത സിനിമ എങ്ങനെയാണ് സാറ്റ്‌ലൈറ്റ് എടുക്കുക. തീയേറ്ററിൽ ഓടി ഹിറ്റാകണം. എന്റെ നാല് പടങ്ങളും തീയേറ്ററിൽ ഓടി. ധമാക്കയാണ് ഓടാത്തത്. അതാണ് ഏറ്റവും പൈസ കുറവിൽ കൊടുത്തത്.'- ഒമർ ലുലു പ്രസ് മീറ്റിൽ പറഞ്ഞു.
പുതിയ താരങ്ങളെ സിനിമയിലേക്ക് കൊണ്ടുവന്നയാളാണ് ഒമർ. ഇതിൽ ചില താരങ്ങൾ പിന്നെ സംവിധായകനെ തിരിഞ്ഞുനോക്കാത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോടും ഒമർ ലുലു പ്രതികരിച്ചു. 'ഞാൻ എന്റെ മക്കളിൽ നിന്ന് പോലും ഒന്നും പ്രതീക്ഷിക്കാത്ത വ്യക്തിയാണ്. പിന്നെയല്ലെ ഇവർ. ആർക്കാ നഷ്ടം. ഞാൻ ഇപ്പോഴും സിനിമ ചെയ്തുകൊണ്ടിരിക്കുന്നു.'- അദ്ദേഹം പറഞ്ഞു.