ഗൾഫുകാരുടെ ജീവിതം അറിയുന്നവർക്ക് നോവായി 'ടു മെൻ'; പ്രവാസിയുടെ ജീവിതകഥയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം

Friday 05 August 2022 12:25 PM IST

പ്രവാസിയുടെ ജീവിതകഥ വെള്ളിത്തിരയിലെത്തിച്ച 'ടു മെന്നിന്' മികച്ച പ്രേക്ഷക പ്രതികരണം. ദുബായ് മരുഭൂമിയിലൂടെയുള്ള റോഡ് മൂവി മലയാള സിനിമയിൽ പുതിയ ത്രില്ലർ അനുഭവമാണ് സമ്മാനിക്കുന്നത്. എം എ നിഷാദും ഇർഷാദ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ തമിഴ് ക്യാമറാമാൻ സിദ്ധാർത്ഥ് രാമസ്വാമിയുടെ സിനിമറ്റോഗ്രഫിയാണ് പുത്തൻ കാഴ്‌ചാനുഭവങ്ങൾ സമ്മാനിക്കുന്നത്.

എം എ നിഷാദ് അവതരിപ്പിക്കുന്ന അബൂക്ക ഗൾഫ് ജീവിതം അറിയുന്നവർക്കെല്ലാം നോവായി മാറും. സംവിധായകനിൽ നിന്നും നടനായി മാറിയ എംഎ നിഷാദ് ഈ രംഗത്തും തന്റെ ചുവടുറപ്പിക്കുന്ന ചിത്രമാണ് ടു മെൻ. ഇർഷാദും സഞ്ജയ് മേനോനായി സ്‌ക്രീനിൽ തിളങ്ങി.

ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ നിർമ്മിച്ച് കെ.സതീഷ് സംവിധാനം ചെയ്ത ടു മെൻ പ്രവാസിയായ ഒരു പിക്ക് അപ് ഡ്രൈവറുടേയും അയാൾ നേരിടുന്ന അവിചാരിത സംഭവങ്ങളുടേയും കഥ പറയുന്നു.

മലയാള സിനിമയിൽ ആദ്യമായിട്ടാണ് ഗൾഫ് പശ്ചാത്തലത്തിൽ ഒരു റോഡ് മൂവി വരുന്നത്. ചിത്രത്തിൽ രൺജി പണിക്കർ, ബിനു പപ്പു, സോഹൻ സീനുലാൽ, ഡോണി ഡാർവിൻ, മിഥുൻ രമേഷ്, കൈലാഷ്, സുധീർ കരമന, അർഫാസ്, സാദിഖ്, ലെന, അനുമോൾ, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു.

മുഹാദ് വെമ്പായം തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം നൽകുന്നു. എഡിറ്റിംഗ് വി സാജൻ. ഡാനി ഡാർവിൻ, ഡോണി ഡാർവിൻ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസർമാർ.