പാർലമെന്റ് കവാടത്തിൽ കോൺഗ്രസ് പ്രതിഷേധം: രാഹുൽ ഗാന്ധിയെ അറസ്റ്റുചെയ്തു, പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു
ന്യൂഡൽഹി: വിലക്കയറ്റം , തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരെ പാർലമെന്റ് കവാടത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് അറസ്റ്റുചെയ്തു. ബലംപ്രയോഗിച്ചാണ് അറസ്റ്റുചെയ്തത്. പ്രതിഷേധത്തിൽ പങ്കെടുത്ത ശശി തരൂർ അടക്കമുളള എം പിമാരെയും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.
പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽഗാന്ധിയുമാണ് പ്രതിഷേധമാർച്ചിന് നേതൃത്വം നൽകിയിത്.വിജയ് ചൗക്കിൽ പ്രതിഷേധം ആരംഭിക്കുമ്പോൾ തന്നെ എം.പിമാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമാധാനപൂർവം രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചതെന്നും ഭയപ്പെടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു
എ ഐ സി സി ആസ്ഥാനത്ത് പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടന്ന പ്രിയങ്ക ഗാന്ധിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എ ഐ സി സി ആസ്ഥാനത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
കോൺഗ്രസ് പ്രതിഷേധത്തെ തടയാൻ പൊലീസ് കർശന നടപടികളാണ് സ്വീകരിച്ചത്.എ ഐ സി സി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചതോടെ ആസ്ഥാനം ഡൽഹി പൊലീസും കേന്ദ്ര സേനയും രാവിലെ മുതൽ വളഞ്ഞിരുന്നു. ജന്തർമന്തർ ഒഴികെയുള്ള സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് പ്രതിഷേധം നടത്താൻ കോൺഗ്രസിന് അനുമതി നിഷേധിച്ചിരുന്നു.എ ഐ സി സി ആസ്ഥാനത്തുണ്ടായിരുന്ന പ്രവർത്തകരിൽ ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.