സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ടു; കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേതെന്ന് സ്ഥിരീകരിച്ചു

Friday 05 August 2022 2:44 PM IST

കോഴിക്കോട്: പന്തിരിക്കരയിൽ നിന്ന് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദ് കൊല്ലപ്പെട്ടു.ഡിഎൻഎ പരിശോധനയിലൂടെയാണ് കൊയിലാണ്ടി കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചത്.

ജൂലായ് 17ന് കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റേതാണെന്ന് കരുതി സംസ്‌കരിച്ചിരുന്നെങ്കിലും ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മൃതദേഹം ദീപക്കിന്റേത് അല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇര്‍ഷാദിന്റെ രക്ഷിതാക്കളെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതോടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍, പോലീസ് കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു.

ജൂലായ് 16ന് രാത്രി കോഴിക്കോട്-അത്തോളി റൂട്ടിലെ പുറക്കാട്ടിരി പാലത്തിന് സമീപം ചുവന്ന കാറില്‍നിന്ന് ഇറങ്ങിയ യുവാവ് പുഴയിലേക്ക് ചാടിയെന്ന നാട്ടുകാരുടെ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. യുവാവ് പുഴയില്‍ ചാടിയതോടെ തട്ടിക്കൊണ്ടുപോയവര്‍ കാറുമായി രക്ഷപ്പെട്ടതും സംശയങ്ങള്‍ക്കിടയാക്കി. പിറ്റേ ദിവസമാണ് നന്തി കോടിക്കല്‍ കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്. ജൂലായ് 28നാണ് മകനെ കാണാനില്ലെന്ന് ഇര്‍ഷാദിന്റെ ഉമ്മ നബീസ പെരുവണ്ണാമൂഴി പൊലീസില്‍ പരാതി നല്‍കുന്നത്.