കടം വാങ്ങിയ പണം നൽകാതിരിക്കാൻ മെനഞ്ഞ കഥ പൊലീസ് പൊളിച്ചു

Saturday 06 August 2022 12:17 AM IST
കടം വാങ്ങിയ പണം

ചേർത്തല: കടം വാങ്ങിയ ഒന്നര ലക്ഷം രൂപ തിരികെ നൽകാതിരിക്കാൻ ലോറി ഡ്രൈവർ മെനഞ്ഞ കവർച്ചക്കഥ പൊലീസ് പൊളിച്ചു. മാരാരിക്കുളം പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. ദേശീയ പാതയോരത്ത് കണിച്ചുകുളങ്ങരയിൽ ലോറി ഡ്രൈവറെ മർദ്ദിച്ച് അബോധാവസ്ഥയിലാക്കി ഒന്നര ലക്ഷം രൂപ രണ്ടു യുവാക്കൾ ചേർന്ന് കവർന്നെന്ന പരാതി വ്യാഴാഴ്ച പുലർച്ചെ 3.30ഓടെയാണ് മാരാരിക്കുളം പൊലീസിന് ലഭിച്ചത്. പൊലീസ് സംഘം കണിച്ചുകുളങ്ങരയിൽ എത്തി കൊല്ലം സ്വദേശിയായ ലോറി ഡ്രൈവറെ ആശുപത്രിയിലാക്കി.

ചികിത്സ തേടിയ ശേഷം പൊലീസ് സ്‌​റ്റേഷനിൽ എത്തിയ ഡ്രൈവറിൽ നിന്ന് മൊഴി എടുക്കുന്നതിനിടയിൽ ബോദ്ധ്യപ്പെട്ട പൊരുത്തക്കേടുകളാണ് കഥ പൊളിച്ചത്. ബന്ധു നൽകിയ ഒന്നര ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്നാണ് ഡ്രൈവർ മൊഴി നൽകിയത്. ബുധനാഴ്ച ആലുവയിൽ വച്ചാണ് പണം കൈമാറിയതെന്നും പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് ബന്ധുവിനെ ബന്ധപ്പെട്ടപ്പോൾ നെട്ടൂരിൽ വെച്ചാണ് പണം നൽകിയയതെന്ന് പറഞ്ഞു. തുടർന്ന് പൊലീസ് ഇരുവരുടേയും ഫോൺ വിളികൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഡ്രൈവറുടെ ബന്ധു നാട്ടിലെ സുഹൃത്തിൽ നിന്ന് ഒന്നര ലക്ഷം രൂപ കടം വാങ്ങിയിരുന്നെന്നും വ്യാഴാഴ്ച മടക്കി നൽകാമെന്നാണ് ഉറപ്പ് നൽകിയിരുന്നെന്നും വ്യക്തമായി. മടക്കി നൽകാൻ പണം കിട്ടാതെ വന്നപ്പോൾ മെനഞ്ഞ കഥയാണ് കവർച്ചയെന്ന് പൊലീസ് കണ്ടെത്തി. മാരാരിക്കുളം എസ്.ഐ സിസിൽ ക്രിസ്‌റ്റ്യൻ, സിവിൽ പൊലീസ് ഓഫീസർമാരായ ജഗദീഷ്,കവിരാജ്,ഹോം ഗാർഡ് ബാബു എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്. ഡ്രൈവറെയും ബന്ധുവിനെയും താക്കീത് നൽകി വിട്ടയച്ചു .

Advertisement
Advertisement