ഡോക്ടറെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസ്: ഒന്നാം പ്രതിക്ക് ആറുവർഷം കഠിന തടവ്

Saturday 06 August 2022 2:25 AM IST

കൊച്ചി: ആയുർവേദ മെഡിക്കൽ ഓഫീസറായ കോതമംഗലം സ്വദേശി ഡോ. നജീബിനെ തട്ടിക്കൊണ്ടു പോയി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യയുടെ പക്കൽ നിന്ന് മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി കൊല്ലം അഞ്ചൽ സ്വദേശി ശ്യാം ജസ്‌റ്റിന് വിചാരണക്കോടതി ആറു വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തട്ടിക്കൊണ്ടു പോകലിന് മൂന്നു വർഷവും പണം തട്ടിയെടുത്തതിന് മൂന്നു വർഷവുമാണ് എറണാകുളം അഡി.സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ശിക്ഷാ കാലാവധി മൂന്നു വർഷമായി കുറയും. 2006 ലായിരുന്നു സംഭവം.

ചെറുവത്തൂർ ഗവ. ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ നജീബിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. കാസർകോട് മറ്റൊരു തട്ടിക്കൊണ്ടു പോകൽ കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ശ്യാമും സംഘവുമാണ് നജീബിനെ തട്ടിക്കൊണ്ടു പോയതെന്ന് കണ്ടെത്തിയത്. അറസ്റ്റിലായ മൂന്നു പ്രതികൾ ജാമ്യത്തിലിറങ്ങി മുങ്ങി. പിന്നീട് ഇവർ കീഴടങ്ങി വിചാരണ നേരിട്ടെങ്കിലും തെളിവില്ലെന്നു കണ്ട് വിചാരണക്കോടതി പ്രതികളെ വെറുതേ വിട്ടു. തുടർന്നാണ് ഒന്നാം പ്രതി ശ്യാം ജസ്റ്റിസ് കീഴടങ്ങി വിചാരണ നേരിട്ടത്. കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർമാരായിരുന്ന എൻ.എൻ. പ്രസാദ്, കെ.എം. ജിജിമോൻ എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം നൽകിയത്.

Advertisement
Advertisement