നിത്യനിക്ഷേപ പിരിവുകാർക്ക് നിത്യദുരിതം വിഹിതം അടച്ചാലും പെൻഷനില്ല

Saturday 06 August 2022 12:17 AM IST

വിഹിതം കുറവാണെന്ന് പെൻഷൻ ബോ‌ർഡ്

കണ്ണൂർ: പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുകയും കുടിശ്ശിക കൂടാതെ വിഹിതം സ്വീകരിക്കുകയും ചെയ്തതിന് ശേഷം സഹകരണ ബാങ്കുകളിലെ നിത്യനിക്ഷേപ പിരിവുകാർക്ക് പെൻഷൻ നിഷേധിക്കുന്നതായി ആക്ഷേപം. 25 മുതൽ 45 വർഷം വരെ സേവനം ചെയ്തവർക്കാണ് ഈ ഗതികേട്.

2008 ൽ സഹകരണ ജീവനക്കാരുടെ സ്വാശ്രയ പെൻഷൻ പദ്ധതിയിൽ നിക്ഷേപ പിരിവുകാരെ ഉൾപ്പെടുത്തിയതാണ്. മിക്ക സ്ഥാപനങ്ങളും അതത് സ്ഥാപനങ്ങളിലെ ജീവനക്കാരെ പദ്ധതിയിൽ അംഗമാക്കുകയും സംഘത്തിന്റെ വിഹിതവും ജീവനക്കാരുടെ വിഹിതവുമടക്കം ശേഖരിച്ച് പെൻഷൻ ബോർഡിലേക്ക് അടക്കുകയും ചെയ്തു. എന്നാൽ വിരമിച്ച ശേഷം വിഹിതം കുറവാണെന്ന് ചൂണ്ടിക്കാണിച്ച് പെൻഷൻ നിഷേധിക്കുകയാണെന്നാണ് ആക്ഷേപം.

സ്ഥാപനത്തിലെ ഇതര ജീവനക്കാരിലും കൂടുതൽ സേവനമുള്ളവരായിട്ടും വേതനത്തിലെ കുറവും 2008 മുതൽ മാത്രം പെൻഷൻ പദ്ധതിയിൽ അംഗമാക്കിയതും വിഹിതം കുറയാൻ കാരണമായിട്ടുണ്ട്. സമാന സ്ഥിതി 94ൽ പെൻഷൻ പദ്ധതി തുടങ്ങിയ കാലത്ത് ജീവനക്കാരുടെ കാര്യത്തിലുമുണ്ടായിരുന്നു. അന്നത് 74 മുതൽ മുൻകാല പ്രാബല്യം നൽകിയും കുടിശ്ശിക സ്ഥാപനങ്ങളിൽ നിന്ന് ശേഖരിച്ചുമാണ് പരിഹരിച്ചത്. സമാന നടപടി നിക്ഷേപ പിരിവുകാരുടെ കാര്യത്തിലും വേണമെന്നാണ് ആവശ്യം.

2005 ൽ നിക്ഷേപ പിരിവുകാരെ സ്ഥിരപ്പെടുത്തിയതോടെ കേന്ദ്ര പി.എഫ് ഫണ്ടിൽ അംഗമായിരുന്ന പല നിക്ഷേപ പിരിവുകാരും 58 വയസിൽ വിരമിച്ചു. ഇങ്ങനെ വിരമിച്ചവർക്ക് കേന്ദ്ര പി.എഫ് ബോർഡിൽ നിന്ന് നാമമാത്ര തോതിൽ പെൻഷനും ലഭിച്ചിരുന്നു. എന്നാൽ 2008ൽ സംസ്ഥാന സർക്കാർ സഹകരണ ജീവനക്കാരുടെ പെൻഷൻ പദ്ധതിയിൽ കമ്മിഷൻ ജീവനക്കാരെ കൂടി ഉൾപ്പെടുത്തിയതോടെ അതും ഇല്ലാതാവുകയായിരുന്നു.

കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലായി പതിനായിരത്തിലധികം പേര് ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. ഉത്തരവുണ്ടായിട്ടും നിലവിലുള്ള ഭൂരിപക്ഷം ജീവനക്കാരെയും സ്ഥിരപ്പെടുത്തുകയോ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുകയോ ചെയ്തില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.

കൈമലർത്തി ബോർഡ്

കുറഞ്ഞ വേതനക്കാരായതിനാൽ ലഭിച്ച വിഹിതം കുറവാണെന്നും അത് വച്ച് മിനിമം പെൻഷൻ പോലും നൽകാനാവില്ലെന്നുമാണ് ബോർഡിന്റെ മറുപടി. വിഹിതമായി നാലു ലക്ഷമെങ്കിലും കിട്ടിയാലേ മിനിമം പെൻഷൻ തുകയായ 3600 രൂപയെങ്കിലും നൽകാനാവൂ എന്നാണ് ബോർഡ് നിലപാട്. 2009 ൽ നിക്ഷേപ പിരിവുകാർക്ക് 65 വയസ് വരെ തുടരാമെന്നും അപ്പോൾ 65 പൂർത്തിയായവർക്ക് 70 വരെ തുടരാമെന്നും ഉത്തരവുണ്ടായി. പിന്നീട് വിരമിക്കൽ പ്രായം 70 വയസ്സാക്കി. ഇതിനെ തുടർന്ന് 70 വയസ് വരെ ജോലി ചെയ്യുകയും അക്കാലമത്രയും മുടങ്ങാതെ പെൻഷൻ വിഹിതമടക്കുകയും ചെയ്തവർക്കാണ് മിനിമം പെൻഷൻപോലും നൽകാനാവില്ലെന്ന് പറഞ്ഞ് ബോർഡ് കൈമലർത്തുന്നത്.

Advertisement
Advertisement