ക്രിമിനൽ നടപടിയിൽ എം.പിമാർക്ക് സംരക്ഷണമില്ല: രാജ്യസഭാ അദ്ധ്യക്ഷൻ

Saturday 06 August 2022 4:11 AM IST

ന്യൂഡൽഹി: സഭ സമ്മേളിക്കുന്ന സമയത്ത് ക്രിമിനൽ നടപടികൾ നേരിടുന്നതിൽ നിന്ന് എം.പിമാർക്ക് സംരക്ഷണവുമില്ലെന്ന് രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെയെ സമ്മേളനത്തിനിടെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് വെങ്കയ്യയുടെ വിശദീകരണം. സഭസമ്മേളിക്കുന്ന സമയത്ത് തനിക്ക് ഇ.ഡി നോട്ടീസ് തന്നത് എം.പിയെന്ന അവകാശത്തെ ലംഘിക്കുന്നതാണെന്ന് ഖാർഗെ പറഞ്ഞിരുന്നു.

സമ്മേളനം നടക്കുമ്പോൾ എം.പിമാരെ സിവിൽ കേസിൽ അറസ്റ്റു ചെയ്യാൻ പാടില്ലെന്ന് ചട്ടമുണ്ടെങ്കിലും ക്രിമിനൽ നടപടികളിൽ അതു ബാധകമല്ല. ക്രിമിനൽ നടപടികളിൽ സാധാരണക്കാരെ പോലെയാണ് എം.പിമാരും. ഇതുസംബന്ധിച്ച് അംഗങ്ങൾക്കുള്ള തെറ്റിദ്ധാരണ മാറ്റാൻ ആഗ്രഹിക്കുന്നതായും വെങ്കയ്യ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരും കെ. അജിത്തും തമ്മിലുള്ള കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയ വെങ്കയ്യ രാജ്യത്തെ നിയമത്തിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രതിരോധമായി ഇളവുകൾ മാറരുതെന്ന് പറഞ്ഞു.

Advertisement
Advertisement