കോൺ​ഗ്രസി​ന്റെ പ്രതി​ഷേധസമരം രാമക്ഷേത്ര വാർഷി​ക ദി​നത്തി​ൽ നടത്തി​യെന്ന് അമി​ത്ഷാ

Saturday 06 August 2022 4:11 AM IST

ന്യൂഡൽഹി: തൊഴിലില്ലായ്മ, വിലവർദ്ധന, ജി.എസ്.ടി എന്നിവയ്‌ക്കെതിരെ കോൺ​ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധസമരത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ വിമർശിച്ചു. അയോദ്ധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെടുത്തിയായിരുന്നു വിമർശനം. രാമക്ഷേത്ര നിർമ്മാണത്തിന് തറക്കല്ലിട്ടതിന്റെ വാർഷിക ദിനമായ ഇന്നലെ സമരം നടത്താൻ തീരുമാനിച്ചത് കോൺ​ഗ്രസ് രാം മന്ദിറി​നെ എതിർക്കുന്നതി​നാലാണെന്ന് അമിത് ഷാ ആരോപിച്ചു. പ്രതി​ഷേധത്തി​ന് ഈ ദിനം തന്നെ തിരഞ്ഞെടുത്തതിലൂടെയും കറുത്ത വസ്ത്രം അണിഞ്ഞതിലൂടെയും കോൺഗ്രസ് നൽകുന്ന സന്ദേശം വ്യക്തമാണ്. ഇന്നത്തെ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്ര നിർമ്മാണത്തിന് അടിത്തറയിട്ടത്. കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് ഈ പ്രതിഷേധമെന്ന് അമിത് ഷാ പറഞ്ഞു.

രാജ്യത്തെ എല്ലാവർക്കും നിയമം ബാധകമാണ്. ഗാന്ധി കുടുംബത്തിന് നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ നോട്ടീസൊന്നും നൽകാത്ത സാഹചര്യത്തിലാണ് ഇന്നത്തെ പ്രതിഷേധമെന്നും അമിത് ഷാ പരിഹസിച്ചു. 2020 ആഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിട്ടത്.

കോണ്‍ഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും രാഷ്ട്രപതി ഭവൻ മാർച്ചിനുമാണ് കോൺ​ഗ്രസ് ആഹ്വാനം ചെയ്തിരുന്നതെങ്കിലും ഇതിന് ഡൽഹി പോലീസ് അനുമതി നൽകിയിരുന്നില്ല. തുടർന്ന് പാർലമെന്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. കറുപ്പ് വസ്ത്രം ധരിച്ചുകൊണ്ടായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം.

Advertisement
Advertisement