തമിഴ്നാട്ടിലെ ക്ഷേത്രം ബുദ്ധമത കേന്ദ്രമെന്ന് ഹൈക്കോടതി

Saturday 06 August 2022 4:13 AM IST

ചെന്നൈ: ഒരു ജനത തങ്ങളുടെ ഗ്രാമദൈവമായി കണ്ട് ഹിന്ദു ആചാരപ്രകാരം ആരാധിച്ചിരുന്ന വിഗ്രഹം ബുദ്ധപ്രതിമയെന്ന് തിരുത്തി കോടതി ഉത്തരവ്. തമിഴ്നാട്ടിലെ സേലത്ത് കോട്ട പെരിയേരി ഗ്രാമത്തിന്റെ ദൈവമായി കണ്ടിരുന്ന തലവെട്ടി മുനിയപ്പൻ വിഗ്രഹം, മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്ന് നടത്തിയ പുരാവസ്തു ഗവേഷണത്തിലാണ് ബുദ്ധപ്രതിമയാണെന്ന നിഗമനത്തിലെത്തിയത്. ഏറെ നാളായി തർക്കം നിലനിന്നിരുന്ന ക്ഷേത്രവും അതോടൊപ്പമുള്ള ഭൂമിയും ബുദ്ധമത വിശ്വാസമനുസരിച്ചുള്ള പ്രതിഷ്ഠാകേന്ദ്രമാക്കണമെന്നാണ് ഉത്തരവ്. ബുദ്ധന്റെ ശാസനകൾക്ക് വിരുദ്ധമായതിനാൽ ഇനി മുതൽ ഹിന്ദു ആചാരമനുസരിച്ചുള്ള പൂജയും ചടങ്ങുകളും ഇവിടെ അനുവദനീയമല്ലെന്ന് ജസ്റ്രിസ് എൻ. ആനന്ദ് വെങ്കടേശിന്റെ ഉത്തരവിൽ പറയുന്നു.

2011ൽ പി. രംഗനാഥൻ എന്നയാളും സേലം ബുദ്ധ ട്രസ്റ്റും ചേർന്നാണ് പെരിയേരി മാരിയമ്മൻ ക്ഷേത്രം ബുദ്ധമത കേന്ദ്രമാണെന്നവകാശപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജിക്കാരൻ മരണമടഞ്ഞെങ്കിലും കേസ് തുടർന്നു. 2017 നവംബർ 20ന് സംസ്ഥാന പുരാവസ്തു വകുപ്പിനോട് ക്ഷേത്രം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടു. ബുദ്ധപ്രതിമയുടെ മഹാലക്ഷണങ്ങളടങ്ങിയതാണ് വിഗ്രഹമെന്ന് പുരാവസ്തുവകുപ്പ് റിപ്പോർട്ട് നൽകി. തമിഴ്നാട് പുരാവസ്തു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടും കമ്മിഷണറോടും സ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കോടതി നിർദ്ദേശിച്ചു.

പുരാവസ്തു വകുപ്പിന്റെ കണ്ടെത്തൽ

1. വിഗ്രഹം നിർമ്മിച്ചിരിക്കുന്നത് കട്ടിയുള്ള ശിലയിൽ

2. അർദ്ധപദ്മാസനാവസ്ഥയിൽ താമരയിതളിൽ ഇരിക്കുന്ന രൂപം

3. കൈകൾ മടക്കി ധ്യാനമുദ്ര‌യിൽ വച്ചിരിക്കുന്നു

4. ശിരസിൽ ബുദ്ധവിഗ്രഹത്തിൽ കാണുന്ന ചുരുണ്ട മുടി, കാത് ഉൾപ്പെടെയുള്ള സവിശേഷതകൾ

 
Advertisement
Advertisement