തായ്‌വാൻ: അമേരിക്കയുമായുള്ള ചർച്ചകൾ നിറുത്തി ചൈന

Saturday 06 August 2022 5:39 AM IST

 പെലോസിക്ക് ചൈനയുടെ ഉപരോധം

ചൈനീസ് അംബാസഡറെ വൈറ്റ് ഹൗസിൽ വിളിച്ചു വരുത്തി


ബീജിംഗ് : കാലാവസ്ഥാ വ്യതിയാനം, സൈനിക ചർച്ചകൾ, അന്താരാഷ്ട്ര കുറ്റകൃത്യങ്ങളെ ചെറുക്കാനുള്ള ശ്രമങ്ങൾ തുടങ്ങി സുപ്രധാനമായ നിരവധി മേഖലകളിൽ യു.എസുമായുള്ള സഹകരണം നിറുത്തുന്നതായി പ്രഖ്യാപിച്ച് ചൈന. തങ്ങളുടെ എതിർപ്പ് മറികടന്ന് യു.എസ് ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതിന് പിന്നാലെയാണ് ചൈനയുടെ നടപടി. തായ്‌വാന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി ചൈനയുടെ സൈനികാഭ്യാസം തുടരുന്നതിനിടെയാണിത്.

സൈനിക തലത്തിലുള്ള മൂന്നെണ്ണം ഉൾപ്പെടെ എട്ട് മേഖലകളിൽ അമേരിക്കയുമായുള്ള ചർച്ചകൾ നിറുത്തുകയാണെന്നാണ് ചൈനയുടെ പ്രഖ്യാപനം. കഴിഞ്ഞ വർഷം ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും അവതരിപ്പിച്ച കാലാവസ്ഥാ ഉടമ്പടിയുടെ ചർച്ചയും, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാനുമുള്ള മിലിട്ടറി കമാൻഡർമാരുടെ ചർച്ചയും ചൈന നിറുത്തി.

അതേ സമയം, നാൻസി പെലോസിക്കും കുടുംബാംഗങ്ങൾക്കും ചൈന ഇന്നലെ ഉപരോധം പ്രഖ്യാപിച്ചു. ഉപരോധം എങ്ങനെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. പൊലോസി തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ കൈകടത്തിയെന്നും അവരുടെ തായ്‌വാൻ സന്ദർശനം തങ്ങളുടെ പരമാധികാരത്തിന് വെല്ലുവിളിയാണെന്നും മേഖലയിലെ സമാധാനം തകർത്തെന്നും ചൈന കുറ്റപ്പെടുത്തി.

അതേസമയം,​ തായ്‌വാന് ചുറ്റുമുള്ള ആറ് പ്രദേശങ്ങളിൽ ചൈന തുടരുന്ന സൈനികാഭ്യാസം രാജ്യത്തേക്കുള്ള വിമാന,​ കപ്പൽ സർവീസുകൾ പാടേ തടസപ്പെടുത്തി.

തായ്‌വാനിൽ പ്രതിസന്ധി രൂക്ഷമാക്കുന്ന ചൈനീസ് സൈനികാഭ്യാസത്തെ അമേരിക്ക വിമശിച്ചു. ചൈനീസ് അംബാസഡർ ചിൻ ഗാംഗിനെ വൈറ്റ്‌ഹൗസിൽ വിളിച്ചുവരുത്തി അമേരിക്ക പ്രതിഷേധം അറിയിച്ചു. തായ്‌വാനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് ഇന്നലെ ജപ്പാൻ സന്ദർശനത്തിനിടെ നാൻസി പെലോസി ആവർത്തിച്ചു.

സൈനികാഭ്യാസത്തിന്റെ രണ്ടാം ദിനമായ ഇന്നലെയും ചൈനീസ് പടക്കപ്പലുകളും യുദ്ധവിമാനങ്ങളും തായ്‌വാൻ കടലിടുക്കിലെ അതിർത്തി രേഖ ഭേദിച്ചു. ഇന്നലെ 68 ചൈനീസ് യുദ്ധവിമാനങ്ങളും 13 യുദ്ധക്കപ്പലുകളും വിഭജന രേഖ കടന്നു. ചൈനയുടെ ആണവ അന്തർവാഹിനിയും ഇന്നലെ സൈനികാഭ്യാസത്തിന്റെ ഭാഗമായി. ലോകത്തെ ഏറ്റവും തിരക്കുള്ള ചരക്കു ഗതാഗത ഇടനാഴിയായ തായ്‌വാൻ കടലിടുക്കിലേക്ക് ചൈന മിസൈലുകൾ പ്രയോഗിച്ചതിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ ഉൾപ്പെടെ തായ്‌വാനിലെ നിരവധി സർക്കാർ വെബ്സൈറ്റുകളിൽ ചൈനീസ് സൈബർ ആക്രമണമുണ്ടായി.

ദുഷ്‌ടനായ അയൽവാസി തങ്ങളുടെ പടിവാതിലിലെത്തി ശക്തി കാണിക്കുകയാണെന്ന് തായ്‌വാൻ പ്രധാനമന്ത്രി സൂ സെംഗ് ചാൻ പ്രതികരിച്ചു. ചൈന സൈനികാഭ്യാസം നിറുത്തണമെന്ന് ജപ്പാൻ ആവശ്യപ്പെട്ടു. ചൈനയുടെ നടപടി പ്രകോപനമാണെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. തായ്‌വാന്റെ കിഴക്കൻ മേഖലയിൽ വിന്യസിച്ച വിമാനവാഹിനി യു.എസ്.എസ് റൊണാൾഡ് റീഗൻ അവിടെ തുടരുമെന്ന് അമേരിക്ക അറിയിച്ചു. പെലോസിയുടെ സന്ദർശനം ചൈന തായ്‌വാൻ കടലിടുക്കിലും മേഖലയിലും പ്രകോപനപരമായ സൈനിക നീക്കങ്ങൾക്കുള്ള അവസരമാക്കിയെന്ന് വൈറ്റ്‌ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു.

Advertisement
Advertisement