വെറുതെ നൽകിയതല്ല, 1.64 ലക്ഷം കോടിയുടെ പാക്കേജിന് പിന്നാലെ ബി എസ് എൻ എൽ ജീവനക്കാർക്ക് കേന്ദ്ര സർക്കാർ നൽകിയത് അന്ത്യശാസനം

Saturday 06 August 2022 12:47 PM IST

ഒരു കാലത്ത് ഉന്നതങ്ങളിൽ ശോഭ പരത്തുകയും പിന്നീട് നഷ്ടങ്ങളുടെ വാരിക്കുഴിയിൽ പതിക്കുകയും ചെയ്ത പൊതുമേഖല ടെലികോം കമ്പനിയായ ബി എസ് എൻ എല്ലിനെ തിരികെ കൊണ്ടുവരാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് കേന്ദ്ര സർക്കാർ ഇപ്പോൾ. ഇതിനായി 1.64 ലക്ഷം കോടി രൂപയുടെ പാക്കേജാണ് നൽകുക. എന്നാൽ ഭീമമായ പദ്ധതി അനുവദിക്കുമ്പോഴും കമ്പനിക്ക് വ്യക്തമായ സന്ദേശം സർക്കാർ നൽകിയിട്ടുണ്ട്. നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് ചെയ്യുക അല്ലെങ്കിൽ പാക്ക് അപ്പ് ചെയ്യുക, ഇതാണ് ബി എസ് എൻ എല്ലിന് കേന്ദ്ര ടെലികോം മന്ത്രിയായ അശ്വിനി വൈഷ്ണവിന്റെ ശാസനം.

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ജീവനക്കാരോടാണ് മന്ത്രി നയം വ്യക്തമാക്കിയത്. 'സർക്കാരി' മനോഭാവം വച്ചു പുലർത്തരുതെന്നും, അത് ഉപേക്ഷിക്കണമെന്നും അദ്ദേഹം ജീവനക്കാരോട് ആവശ്യപ്പെട്ടു. പ്രതീക്ഷയ്ക്കനുസൃതമായി പ്രവർത്തിക്കാത്തവർ നിർബന്ധിതമായി ജോലിയിൽ നിന്നും പുറത്താവുമെന്ന സന്ദേശവും അദ്ദേഹം നൽകി. ബി എസ് എൻ എല്ലിലെ 62,000 ജീവനക്കാരോടാണ് മന്ത്രിയുടെ അന്ത്യശാസനം. 1.64 ലക്ഷം കോടി രൂപയുടെ വൻതോതിലുള്ള പുനരുജ്ജീവന പാക്കേജിനാണ് അടുത്തിടെ കേന്ദ്രം രൂപം നൽകിയത്. ഇതുമായി ബന്ധപ്പെട്ട കമ്പനിയുടെ ഉന്നതതല ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി കേന്ദ്രത്തിന്റെ നയം വിശദമാക്കിയത്. ഉടൻ ബി എസ് എൻ എൽ 4ജി സേവനം ആരംഭിക്കും, ഇതോടെ കമ്പനിയുടെ കഷ്ടകാലം അവസാനിക്കുമെന്നാണ് കരുതുന്നത്. അടുത്ത വർഷത്തോടെ 5ജിയിലേക്ക് മാറാനും ബി എസ് എൻ എല്ലിന് പദ്ധതിയുണ്ട്.