കറുത്ത മാസ്‌കിനോടുള്ള മുഖ്യമന്ത്രിയുടെ അസഹിഷ്ണുത ജനാധിപത്യ വിരുദ്ധം

Sunday 07 August 2022 12:17 AM IST

പത്തനംതിട്ട: കൂടുതൽ പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള മുഖ്യമന്ത്രിക്ക് കറുത്ത മാസ്‌കിനോട് പോലുമുള്ള അസഹിഷ്ണുത ജനാധിപത്യ രീതിയല്ലെന്ന് സി.പി.ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം. സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ് അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ സി.പി.എമ്മിനെതിരെയും രൂക്ഷ വിമർശനമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള വിവാദങ്ങൾ മുന്നണിയുടെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാക്കുകയാണ്.

ഉമ്മൻചാണ്ടി സർക്കാരിനെപ്പോലും നാണിപ്പിക്കും വിധമാണ് ഈ സർക്കാരിന്റെ പ്രവർത്തനങ്ങൾ. ഇടതുസർക്കാരിനെ പിണറായി ഗവൺമെന്റ് എന്നാണ് സി.പി.എം വിശേഷിപ്പിക്കുന്നത്. ഭരണം വൺമാൻ ഷോയാക്കി മാറ്റാനാണ് നീക്കം. ഘടകകക്ഷി എന്ന പരിഗണന സി.പി.ഐക്ക് സി.പി.എം നൽകുന്നില്ല. എ.ഐ.എസ്.എഫിനോട് എസ്.എഫ്.ഐക്ക് ഫാസിസ്റ്റ് മനോഭാവമാണ്.

കെ-റെയിൽ പദ്ധതി നടപ്പാക്കാൻ ധാർഷ്ട്യത്തിലൂടെയാണ് ശ്രമിച്ചത്. ശബരിമല വിഷയം പോലെ കെ-റെയിലും സങ്കീർണമാക്കി. അതിന്റെ തിരിച്ചടി സർക്കാരിന് ലഭിച്ചു. സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്കെല്ലാം സി.പി.ഐ കൂടിയാണ് പഴികേൾക്കുന്നത്. കുടുംബശ്രീയിൽ പോലും പിൻവാതിൽ നിയമനമാണ്. സി.പി.എം അധീനതയിലുള്ള സഹകരണ സംഘങ്ങൾ കൂടുതൽ പ്രതിസന്ധിയിലാണ്. പലയിടത്തും സി.പി.എം കള്ളവോട്ടിലൂടെ സഹകരണ സംഘങ്ങൾ പിടിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.