'ഇത്രനാൾ സഹിച്ചത് മക്കൾക്കുവേണ്ടി, അച്ഛൻ ക്ഷമിക്കണം'; ഭർതൃപീഡനത്തിൽ ഇന്ത്യൻ യുവതി യുഎസിൽ ജീവനൊടുക്കി

Sunday 07 August 2022 12:11 PM IST

ന്യൂയോർക്ക്: എട്ട് വർഷമായി നേരിടുന്ന ക്രൂരമായ ഗാർഹിക പീഡനത്തിനൊടുവിൽ പിതാവിന് വീഡിയോ സന്ദേശമയച്ചതിന് ശേഷം ഇന്ത്യൻ യുവതി യുഎസിൽ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശ് ബിജ്‌നോർ‌ സ്വദേശിയായ മന്ദീപ് കൗർ (30) ആണ് ജീവനൊടുക്കിയത്. ന്യൂയോ‌ർക്കിലെ റിച്ച്‌മണ്ടിലുള്ള വസതിയിൽ ഓഗസ്റ്റ് മൂന്നിന് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

2015ലാണ് മന്ദീപ് കൗറും ബിജ്‌നോർ സ്വദേശിയായ രഞ്ചോത്‌ബീ‌‌ർ സിംഗ് സന്ധുവും വിവാഹിതരാവുന്നത്. യു എസിൽ ട്രക്ക് ഡൈവറായിരുന്നു സന്ധു. വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷമാണ് മന്ദീപ് യു എസിൽ എത്തുന്നത്. വിവാഹത്തിന് കുറച്ച് ദിവസങ്ങൾക്ക് പിന്നാലെ തന്നെ സന്ധു ഭാര്യയെ മർദ്ദിക്കാൻ ആരംഭിച്ചിരുന്നതായി മന്ദീപിന്റെ പിതാവ് പറഞ്ഞു. പിന്നാലെ പെൺകുട്ടികൾ ജനിച്ചതിനെത്തുടർന്ന് ഇയാൾ നിരന്തരം ക്രൂരമായി ഉപദ്രവിക്കുമായിരുന്നെന്നും പിതാവ് പറയുന്നു. ആറും നാലും വയസുള്ള രണ്ട് പെൺമക്കളാണ് മന്ദീപിന്. കുട്ടികളെ വളർത്താൻ അൻപത് ലക്ഷം രൂപ സന്ധു ആവശ്യപ്പെട്ടെന്നും പിതാവ് വെളിപ്പെടുത്തി. സന്ധുവിന്റെ ഭർതൃമാതാപിതാക്കളും ആൺമക്കളില്ലാത്തതിന്റെ പേരിൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടെന്നും വീഡിയോയിൽ മന്ദീപ് പറയുന്നു.

'വർഷങ്ങളായി ഭർത്താവിന് വിവാഹേതര ബന്ധങ്ങളുണ്ട്. എന്റെ പെൺമക്കളെ ഓർത്താണ് ഇത്രയും നാൾ പിടിച്ചുനിന്നത്. ദിവസേനയുള്ള മർദ്ദനം ഇനി സഹിക്കാൻ വയ്യ. പിതാവ് എന്നോട് ക്ഷമിക്കണം. ഞാൻ മരിക്കാൻ പോവുകയാണ്'- വീഡിയോയിൽ യുവതി പറയുന്നു.

യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ദമ്പതികളുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് കൂടുതലായും പ്രചരിച്ചിരുന്നത്. യുവതിയെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നതും കുഞ്ഞുങ്ങൾ കരയുന്നതും ദൃശ്യങ്ങളിലുണ്ട്.

തനിക്ക് നേരിട്ട പീഡനങ്ങൾ കണ്ട് പിതാവ് ഭർത്താവിന് എതിരെ പരാതി നൽകിയിരുന്നെന്ന് ബന്ധുക്കൾ പുറത്തുവിട്ട വീഡിയോയിൽ മന്ദീപ് പറയുന്നു. തുടർന്ന് സന്ധു ജയിലിൽ ആവുകയും ചെയ്തു. എന്നാൽ അയാൾ കരഞ്ഞുകാലുപിടിച്ചതോടെയാണ് പരാതി പിൻവലിക്കാൻ താൻ തയ്യാറായതെന്ന് മന്ദീപ് പറയുന്നു. യുവതി തന്നെയായിരുന്നു ദൃശ്യങ്ങൾ ബന്ധുക്കൾക്ക് കൈമാറിയിരുന്നത്.

യുവതിയുടെ മരണത്തിൽ യു എസിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. സന്ധുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ മന്ദീപ് എന്ന ക്യാംപെയിനും ശക്തമാണ്.

അതേസമയം, സംഭവത്തിൽ ഇടപെടണമെന്ന് വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടതായി പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗവും എ എ പി നേതാവുമായ രാഘവ് ചദ്ദ പറഞ്ഞു.

മൻദീപ് കൗറിന്റെ മരണത്തിൽ അതിയായ ദുഃഖമുണ്ടെന്നും എല്ലാ സഹായവും നൽകാൻ തയ്യാറാണെന്നും യുഎസിലെ ഇന്ത്യൻ എംബസിയും അറിയിച്ചു.

Advertisement
Advertisement