അംബാസമുദ്രത്തിൽ നിന്ന് സി എസ് ഐ ആർ തലപ്പത്തേക്ക്; കലൈസെൽവി ഇതുവരെ സ്വന്തം പേരിൽ എഴുതിചേർത്തത് 125 പ്രബന്ധങ്ങളും ആറ് പേറ്റന്റുകളും

Sunday 07 August 2022 12:51 PM IST

ന്യൂഡൽഹി: ഇന്ത്യയിലെ ഉന്നത ശാസ്ത്രസ്ഥാപനമായ കൗൺസിൽ ഒഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസേർച്ചിന്റെ (സി എസ് ഐ ആർ) മേധാവിയായി ചുതലയേറ്റ് മുതിർന്ന ശാസ്ത്രജ്ഞ നല്ലതമ്പി കലൈശെൽവി. രാജ്യത്തെ 38 ഗവേഷണ സ്ഥാപനങ്ങളുടെ കൺസോർഷ്യത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് കലൈശെൽവി. രണ്ടു വർഷത്തേക്കാണ് നിയമനം. സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസേർച്ച് വകുപ്പിന്റെ സെക്രട്ടറി പദവിയും കലൈശെൽവി വഹിക്കും.

ലിഥിയം അയോൺ ബാറ്ററികളുടെ മേഖലയിലെ പ്രവർത്തനത്തിന് പ്രശസ്തയായ കലൈശെൽവി നിലവിൽ തമിഴ്‌നാട്ടിലെ കാരൈക്കുടിയിലുള്ള സി എസ് ഐ ആർ- സെൻട്രൽ ഇലക്‌ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ( സി എസ് ഐ ആർ- സി ഇ സി ആർ ഐ) ഡയറക്ടറായി പ്രവർത്തിക്കുകയാണ്. സി എസ് ഐ ആർ- സി ഇ സി ആർ ഐയുടെ ആദ്യ വനിത മേധാവിയും കലൈശെൽവിയാണ്.

തമിഴ്‌നാട്ടിലെ തിരുന്നെൽവേലി ജില്ലയിലെ അംബാസമുദ്രം എന്ന ചെറിയ പട്ടണത്തിൽ നിന്നാണ് ഇന്ത്യയിലെ ഉന്നത സ്ഥാപനത്തിന്റെ മേധാവി പദത്തിലേക്ക് കലൈശെൽവി എത്തുന്നത്. തമിഴ്‌ മീഡിയം സ്കൂളിൽ പഠനം. പിന്നാലെ കോളേജിൽ സയൻസ് വിഷയത്തിൽ ബിരുദം. കലൈശെൽവിയുടെ 25 വർഷത്തിലേറെ നീണ്ട ഗവേഷണ പ്രവർത്തനങ്ങൾ പ്രാഥമികമായി ഇലക്ട്രോകെമിക്കൽ പവർ സിസ്റ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ്. നാഷണൽ മിഷൻ ഫോർ ഇലക്ട്രിക് മൊബിലിറ്റിയിലും സംഭാവനകൾ നൽകിയിട്ടുള്ള കലൈശെൽവിയുടെ പേരിൽ 125 ലധികം ഗവേഷണ പ്രബന്ധങ്ങളും ആറ് പേറ്റന്റുകളുമുണ്ട്.

Advertisement
Advertisement